Life In Christ - 2025

വിലപ്പെട്ടതായി കരുതുന്നതെല്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ സംഭാവന: ഹോളിവുഡ് താരം ജോൺ റൈസ്

സ്വന്തം ലേഖകന്‍ 12-03-2020 - Thursday

ഡബ്ലിന്‍: ആധുനിക സമൂഹം വിലപ്പെട്ടതായി കരുതുന്നതെല്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ സംഭാവനയാണെന്ന് ഹോളിവുഡ് താരം ജോൺ റൈസിന്റെ തുറന്നുപറച്ചില്‍. 'ദി ലൂക്കാസ് മൈൽസ് ഷോ'യിലാണ് ഇന്ത്യാന ജോൺസ്, ഐ ആം പാട്രിക് എന്നീ ചിത്രങ്ങളിൽ പ്രാധാന്യമേറിയ വേഷങ്ങൾ കൈകാര്യം ചെയ്ത ജോൺ റൈസ് ഡേവിസ് തന്റെ ബോധ്യം പങ്കുവെച്ചത്. അടുത്ത ആഴ്ച പ്രദർശനത്തിനെത്തുന്ന 'ഐ ആം പാട്രിക്' സിനിമയിൽ വിശുദ്ധ പാട്രിക്കായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു യുക്തിവാദിയായിയാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ക്രൈസ്തവ വിശ്വാസം നൽകിയ സംഭാവനകൾക്ക് നമ്മുടെ തലമുറ കടപ്പെട്ടവരായിരിക്കണമെന്ന് കഴിഞ്ഞ മാസം 'ക്രിസ്ത്യൻ പോസ്റ്റ്' മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോൺ റൈസ് ഡേവിസ് പറഞ്ഞിരിന്നു.

ഇതിനെ ഉദ്ധരിച്ചുകൊണ്ട് 'ദി ലൂക്കാസ് മൈൽസ് ഷോ'യുടെ അവതാരകനായ ലൂക്കാസ് മൈൽസിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിന്റെ മഹനീയത പ്രകീര്‍ത്തിച്ചത്. അന്‍പതും, അറുപതും വർഷങ്ങൾക്ക് മുമ്പ് താനൊരു വിദ്യാർത്ഥിയായിരുന്നപ്പോൾ നമ്മൾ ഇപ്പോൾ വിലപ്പെട്ടതായി കരുതുന്ന, കരുതിയതെല്ലാം ക്രൈസ്തവ വിശ്വാസത്തിൽ നിന്നാണ് രൂപംകൊണ്ടതെന്നും അതിനാലാണ് ക്രൈസ്തവ വിശ്വാസത്തെ താൻ പൊതുവേദികളിൽ ഉയർത്തിപ്പിടിക്കുന്നതെന്നും ജോൺ റൈസ് മറുപടി നൽകി. രണ്ടാം നൂറ്റാണ്ടിൽ, റോമിലെ ചക്രവർത്തി വിജാതീയ ദൈവീക സങ്കല്‍പ്പത്തെ ക്രൈസ്തവർ സ്വീകരിക്കണമെന്ന് ഉത്തരവ് വന്നപ്പോൾ, തങ്ങൾ മറ്റൊരു ദൈവത്തെയാണ് ആരാധിക്കുന്നതെന്നും, അതിന് തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ക്രൈസ്തവ വിശ്വാസികൾ പറഞ്ഞുവെന്നും, അന്നാണ് യഥാർത്ഥത്തിൽ അഭിപ്രായസ്വാതന്ത്ര്യം പിറവിയെടുക്കുന്നതെന്നും ജോൺ റൈസ് വിശദീകരിച്ചു. ആദിമ കാലഘട്ടത്തിലെ ക്രൈസ്തവർ പിന്തുടർന്നിരുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന അടിസ്ഥാന തത്വത്തിൽ നിന്നാണ് അമേരിക്കൻ ഭരണഘടനയുടെ ബിൽ ഓഫ് റൈറ്റ്സും ഹേബിയസ് കോർപ്പസും രൂപം കൊണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും വലിയ മഹത്വം അടിമത്തം നിരോധിച്ചതാണെന്നും ജോൺ റൈസ് പറഞ്ഞു. അയര്‍ലണ്ടിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ യഥാര്‍ത്ഥ ജീവിതം വെള്ളിത്തിരയിലൂടെ ജനങ്ങളിലെത്തിക്കാൻ പോകുന്ന 'ഐ ആം പാട്രിക്: ദി പേട്രണ്‍ സെയിന്റ് ഓഫ് അയര്‍ലണ്ട്' എന്ന ചിത്രം അയര്‍ലണ്ടിലെ തിയേറ്ററുകളില്‍ മാര്‍ച്ച് 17, 18 തീയതികളിലായിരിക്കും റിലീസ് ചെയ്യുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »