India - 2025
ഫാ. തോമസ് ചാത്തംപറമ്പിൽ സിഎംഐ സഭയുടെ പ്രയോർ ജനറൽ
13-03-2020 - Friday
കൊച്ചി: സി.എം.ഐ സഭയുടെ പ്രയോർ ജനറലായി റവ. ഡോ. തോമസ് ചാത്തംപറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ കൂടിച്ചേർന്ന സി.എം.ഐ സഭയുടെ 38-ാമത് പൊതു സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ആറു വർഷത്തെ സേവനത്തിനുശേഷം റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ പ്രയോർ ജനറൽ സ്ഥാനത്തുന്നിന് വിരമിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ നിറവേറ്റിയ രാജ്യസേവനത്തെപ്രതി ഇന്ത്യൻ പ്രതിരോധമന്ത്രാലയം ഹോണററി കേണൽ പദവി സമ്മാനിച്ച ഏക വൈദികൻകൂടിയാണ് ഇദ്ദേഹം.
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാൻസിലറായിരുന്ന റവ. ഡോ. തോമസ് ചാത്തംപറമ്പിൽ നിരവധി വർഷം കോളജ് പ്രിൻസിപ്പലുമായിരുന്നു. സെമിനാരിക്കാരുടെ വിദ്യാഭ്യാസത്തിനായി 1969ൽ ആരംഭിച്ച ക്രൈസ്റ്റ് കോളജിനെ ഭാരതത്തിലെതന്നെ ശ്രദ്ധേയ യൂണിവേഴ്‌സിറ്റികളിൽ ഒന്നായി ഉയർത്തിയതിന് പിന്നിലെ പ്രധാനികളിൽ ഒരാളുമാണ്. ഇദ്ദേഹം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച കാലഘട്ടത്തിലാണ് ക്രൈസ്റ്റ് കോളജിനെ ഓട്ടോണമി പദവിയിലേക്കും പിന്നീട് യൂണിവേഴ്‌സിറ്റിയായും ഉയർത്തിയത്.
ചങ്ങനാശേരി അതിരൂപതാംഗമായ ഇദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് അംഗമാണ്. 1953 ഡിസംബർ അഞ്ചിന് ആലപ്പുഴയിൽ ജനിച്ച ഇദ്ദേഹം 1983 മേയ് 11നാണ് തിരുപ്പട്ടം സ്വീകരിച്ചത്. വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചൻ സ്ഥാപിച്ച സി.എം.ഐ സഭയിൽ ഇന്ന് 15 പ്രൊവിൻസുകളിലായി 2000ൽപ്പരം സഭാംഗങ്ങളുണ്ട്. 32 രാജ്യങ്ങളിൽ സഭയുടെ വിവിധ ശുശ്രൂഷാരംഗങ്ങളിൽ സജീവസാന്നിധ്യമാണ് ഇന്ന് സി.എം.ഐ സഭ.
![](/images/close.png)