News - 2024

വത്തിക്കാൻ - ചൈന കരാർ അവസാനിപ്പിക്കുക: കത്തോലിക്ക വിശ്വാസികളുടെ അഭ്യര്‍ത്ഥന

സ്വന്തം ലേഖകന്‍ 18-03-2020 - Wednesday

ബെയ്ജിംഗ്: വത്തിക്കാൻ - ചൈന കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക വിശ്വാസികളുടെ കത്ത്. ചൈനയിലെ പ്രമുഖ അന്താരാഷ്ട്ര കത്തോലിക്ക മാധ്യമമായ കാത്തലിക് ഹെറാള്‍ഡിനാണ് വിശ്വാസികള്‍ കത്തയച്ചത്. സ്വന്തം പൗരൻമാർക്ക് നേരെ ചൈന നടത്തുന്ന ക്രൂരമായ പീഡനങ്ങളും, മർദ്ദനങ്ങളും, അവയവം കടത്തൽ തുടങ്ങിയവയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ മുൻ പ്രോസിക്യൂട്ടറായിരുന്ന സർ ജിയോഫ്രീ നൈസ് അധ്യക്ഷ പദവി വഹിച്ച ചൈന ട്രിബ്യൂണലിന്റെ കണ്ടെത്തലുകളും കത്തില്‍ പരാമര്‍ശിക്കുന്നു.

ചൈനീസ് ജയിലുകളിൽ അവയവം നീക്കം ചെയ്യൽ, മർദ്ദനം തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ചൈന ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു. അവയവം നീക്കം ചെയ്യുമ്പോൾ ആളുകൾ മരിച്ചാൽ അത് മസ്തിഷ്കമരണമായി തീർക്കും. ഇതുകൂടാതെ ലൈംഗികമായ പീഡനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇലക്ട്രിക് ഷോക്ക് അടുപ്പിക്കുക, 'ടൈഗർ ചെയറിന്റെ' ഉപയോഗം തുടങ്ങിയവ മറ്റു ചില പീഡന മുറകളാണ്. ഷോക്ക് അടുപ്പിക്കുന്നതിനിടയിൽ ഒരു സ്ത്രീക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവം വരെയുണ്ടായതായി റിപ്പോർട്ട് പറയുന്നു. ചൈന നടത്തിയ അതിക്രമങ്ങളുടെ നിരവധി തെളിവുകളുണ്ടായിട്ടും വത്തിക്കാൻ - ചൈന കരാറിനെ പിന്തുണക്കുന്ന അധികൃതർ അവരുടെ സ്ഥാനത്തെ അപമാനിക്കുകയായാണെന്ന് കത്തിൽ ഒപ്പുവെച്ച കത്തോലിക്ക വിശ്വാസികൾ ആരോപണമുന്നയിച്ചു.

ചൈനീസ് സർക്കാരിന്റെ പ്രവർത്തന രീതിയെ തുടർച്ചയായി പ്രശംസിക്കുന്ന പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ തലവനായ ബിഷപ്പ് മാർസെലോ സാൻജസ് സോഡാ നോയെ കത്തില്‍ വിമര്‍ശിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വത്തിക്കാൻ -ചൈന കരാറിനെതിരെ ശക്തമായ പ്രതിഷേധിച്ച ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നിനെ കരാർ കാണിക്കാത്തതിനെയും കത്തിൽ ഒപ്പിട്ടവർ ചോദ്യംചെയ്തു.

മനുഷ്യാവകാശ പ്രവർത്തകൻ ബെനഡിക്ട് റോജേഴ്സ്, സെന്റ് മേരിസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഫിലിപ്പ് ബൂത്ത്, ലാറ്റിൻ മാസ്സ് സൊസൈറ്റി അധ്യക്ഷൻ ജോസഫ് ഷാ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ച ചില പ്രമുഖർ. മതത്തെ ചൈനീസ് വത്കരിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് ടെക്സാസ് ആസ്ഥാനമായുള്ള സർക്കാർ ഇതര സംഘടന ചൈന എയിഡ് എന്ന കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.


Related Articles »