News - 2024

കോവിഡ് 19: ഇറ്റലിയിൽ മരണമടഞ്ഞ വൈദികരുടെ എണ്ണം 28 പിന്നിട്ടു

സ്വന്തം ലേഖകന്‍ 20-03-2020 - Friday

മിലാന്‍: കോവിഡ് രോഗബാധ മൂലം മിലാന്റെ സമീപമുള്ള ഇറ്റാലിയൻ രൂപതകളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയെട്ടായി ഉയർന്നു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിന്റെ മാധ്യമമായ അവനീറാണ് മരിച്ച വൈദികരുടെ എണ്ണം പുറത്തുവിട്ടത്. ഇതിനിടയിൽ മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളാൽ രണ്ടു വൈദികർ കൂടി മരണമടഞ്ഞു. മരിച്ചവരിൽ പകുതിയിലധികം പേർ 80 വയസിന് മുകളിലുളളവരാണെന്നും മൂന്നുപേർക്ക് 70 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ മൂലം മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായ ഫാ. ആൻഡ്രു അവസാനിക്ക് 54 വയസ്സായിരുന്നു പ്രായം.

മരിച്ചവരിൽ 11 പേർ ബെർഗാമോ രൂപതക്കാരാണ്. അതേസമയം രൂപതയിലെ 15 വൈദികര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. മാർച്ച് 18നു ബെർഗാമോ ബിഷപ്പ് ഫ്രാൻസിസ്കോ ബെഷിയെ ഫ്രാൻസിസ് മാർപാപ്പ ഫോണ്‍ വിളിച്ച് തന്റെ അനുശോചനവും, പിന്തുണയും അറിയിച്ചിരുന്നു. പരിശുദ്ധ പിതാവ് അദ്ദേഹത്തിന്റെ ഹൃദയത്തിലും, പ്രാർത്ഥനയിലും ഓർക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പാപ്പയുമായുളള ഫോൺ സംഭാഷണത്തിനു ശേഷം പുറത്തുവിട്ട വീഡിയോയിൽ ബിഷപ്പ് വിശ്വാസി സമൂഹത്തോട് പറഞ്ഞു. രൂപതയിലെ വൈദികരോടും രോഗികളോടും അവരെ ശുശ്രൂഷിക്കുന്നവരോടും ഒരു പിതാവിന്റെ സ്നേഹവും, കരുതലും ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചുവെന്നും ബിഷപ്പ് ഫ്രാൻസിസ്കോ ബെഷി കൂട്ടിച്ചേർത്തു.

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ രൂപതയാണ് ബെർഗാമോ. രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കുമായി വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയോട് മാധ്യസ്ഥം തേടാൻ ബിഷപ്പ് ബെഷി രൂപതയിലെ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇതിനിടയിൽ പാർമാ രൂപതയിൽ ആറു വൈദികരാണ് കൊറോണ വൈറസ് മൂലം മരണമടഞ്ഞത്. ആമസോണിൽ മിഷ്ണറിയായി ദീർഘനാൾ ശുശ്രൂഷ ചെയ്ത ഫാ. നിക്കോള മാസിയും ഇതിലുൾപ്പെടുന്നു. പിയാസെൻസോ- ബോബിയോ, മിലാൻ, ക്രിമോണ, ലോഡി, ബ്രസിയ തുടങ്ങിയ രൂപതകളിലും കൊറോണ വൈറസ് മൂലം വൈദികർ മരണമടഞ്ഞിട്ടുണ്ട്. ഇതിനിടയിൽ കോവിഡ് - 19 ബാധിച്ച് മരണമടഞ്ഞ ഇറ്റലിക്കാരുടെ എണ്ണം മൂവായിരം പിന്നിട്ടു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »