News
ഇറ്റലിയില്‍ 59 കന്യാസ്ത്രീകള്‍ക്ക് കോവിഡ്: സന്യാസ ഭവനങ്ങള്‍ ഒറ്റപ്പെട്ടു
സ്വന്തം ലേഖകന്‍ 21-03-2020 - Saturday
റോം: ഇറ്റലിയിലെ ലാസിയോ മേഖലയില്‍ രണ്ടു മഠങ്ങളിലായി അന്‍പത്തിയൊന്‍പതു കന്യാസ്ത്രീകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ വെള്ളിയാഴ്ചയാണ് സന്യാസിനികളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യ വിഭാഗം പ്രാദേശിക തലവനായ അലെസ്സിയോ ഡി അമാട്ടോ അറിയിച്ചത്. ഇതോടെ സന്യാസ ഭവനങ്ങളില്‍ രോഗബാധയുടെ പകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 40 പേര്‍ റോമിന് പുറത്തുള്ള ഗ്രോട്ടാഫെറാട്ടായിലെ സാന്‍ കാമില്ലോ കോണ്‍വെന്റിലുള്ളവരാണ്. ബാക്കി 19 പേര്‍ റോമിലെ ആഞ്ചെലിക്ക് സിസ്റ്റേഴ്സ് ഓഫ് സെന്റ് പോള്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളുമാണ്. മഠങ്ങളില്‍ രോഗബാധ എത്തിയതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
ഇറ്റലിയില്‍ രോഗബാധ കൊണ്ട് മരണപ്പെട്ടവരുടെ ശരാശരി പ്രായം 79.5 ആണ്. യൂറോപ്പിലെ നിരവധി കന്യാസ്ത്രീ മഠങ്ങളിലെ അന്തേവാസികളുടെ ശരാശരി പ്രായത്തിലും താഴെയാണിത്. രോഗബാധിതരായ സന്യസ്തരില്‍ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, മറ്റുള്ളവര്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ അവരെ മഠത്തിലെ ഭവനത്തില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും സാന്‍ കാമില്ലോ കോണ്‍വെന്റ് സുപ്പീരിയറായ സിസ്റ്റര്‍ ബെര്‍ണാഡെറ്റെ റോസ്സോണി പറഞ്ഞു. ഇതിനിടെ മഠത്തില്‍ എത്രപേര്‍ക്ക് ശരിക്കും രോഗബാധയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി.
നിരവധി പ്രായമായ കന്യാസ്ത്രീകളാണ് ലോകമെങ്ങുമായി വിവിധ മഠങ്ങളില്‍ താമസിക്കുന്നത്. വൈദികരും സന്യസ്ഥരും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും, സര്‍ക്കാര്‍ അധികാരികളുടേയും സഭാധികാരികളുടേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ജോവോ ബ്രാസിന്റെ കത്ത് പുറത്ത് വന്ന് അധികം കഴിയുന്നതിനു മുന്‍പാണ് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയില്‍ ഇതുവരെ 30 വൈദികരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക