News - 2024

കോവിഡ് 19: ഇറ്റലിയിൽ മരിച്ച വൈദികരുടെ എണ്ണം അന്‍പത് പിന്നിട്ടു

പ്രവാചക ശബ്ദം 23-03-2020 - Monday

റോം: ഇറ്റലിയില്‍ കോവിഡ് 19 രോഗബാധ മൂലം മരിച്ച കത്തോലിക്ക വൈദികരുടെ എണ്ണം അന്‍പത് കടന്നുവെന്ന് ഇറ്റാലിയൻ ബിഷപ്പ് കോൺഫറന്‍സ്. വിവിധ രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും വൈദികരുടെ കുടുംബങ്ങളിൽ നിന്നും ലഭിച്ച കണക്കുകൾ പ്രകാരമാണ് മരിച്ച വൈദികരുടെ എണ്ണം ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പത്രമായ അവനീര്‍ പുറത്തുവിട്ടത്. രോഗബാധയെ തുടര്‍ന്നു വ്യാഴാഴ്ച മാത്രം എട്ട് വൈദികർ മരണമടഞ്ഞിരുന്നു. രണ്ടുദിവസത്തിനുള്ളിൽ പത്തു വൈദികരാണ് അന്തരിച്ചത്. ബെർഗാമോ പട്ടണത്തിലാണ് ഏറ്റവും കൂടുതൽ വൈദികർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഇവിടെ മാത്രം ഇരുപതു വൈദികരാണ് മരണപ്പെട്ടത്.

അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 17 വൈദികർ ആശുപത്രിയില്‍ രോഗബാധിതരായി കഴിയുകയാണ്. ഇതിൽ രണ്ടുപേർ അത്യാഹിത വിഭാഗത്തിലാണ്. 45 മുതൽ 104 വയസ്സുവരെ പ്രായമുള്ള വൈദികർ മരിച്ചവരുടെ പട്ടികയിലുണ്ട്. മരിച്ചവരിൽ കൂടുതൽ പേരും അന്‍പതിനും അറുപതിനും വയസ്സില്‍ ഇടയിൽ പ്രായമുള്ളവരായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമമായ കൊറേറി ഡെല്ലാ സേറാ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിൽ സേവന സന്നദ്ധരായവരിൽ ഡോക്ടർമാരെക്കാൾ കൂടുതലായി വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. പൊതുവായ ബലിയർപ്പണങ്ങൾ നിർത്തലാക്കിയെങ്കിലും കൊറോണ മൂലം ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം വൈദികർ ഇപ്പോഴും സേവന സന്നദ്ധരായി തുടരുകയാണ്. ഇതാണ് വൈദിക മരണസംഖ്യ വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വൈദികരുടെ രോഗാവസ്ഥ വേദനയുളവാക്കുന്നുവെന്ന് പാർമാ രൂപതാധ്യക്ഷനായ എൻറിക്കോ സാൽമി അവനീറിനോട് പറഞ്ഞു. അജപാലനപരമായ തീക്ഷ്ണതയാൽ അത്യാഹിത വിഭാഗം പോലുള്ളവ സന്ദർശിക്കുമ്പോഴാണ് വൈദികർ രോഗികളായി മാറുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം ഇന്നലെ ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 5476 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. ശനിയാഴ്ച ദിവസം മാത്രം 793 പേരാണ് മരിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »