India - 2025
കേരളത്തിലെ ഇരുനൂറോളം കത്തോലിക്ക ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കു സുസജ്ജം
പ്രവാചക ശബ്ദം 25-03-2020 - Wednesday
കൊച്ചി: അടിയന്തിര സാഹചര്യത്തില്‍ കോവിഡ് 19ന്റെ ചികിത്സയ്ക്കും ഐസൊലേഷനുമായി കേരളത്തില്‍ 15100 കിടക്കകളുള്ള കത്തോലിക്കാസഭയുടെ ഇരുനൂറോളം ആശുപത്രികള്‍ സുസജ്ജം. ആവശ്യഘട്ടത്തില്‍ 1940 പേര്‍ക്ക് ഐസിയു സേവനവും 410 പേര്‍ക്കു വെന്റിലേറ്റര്‍ സൗകര്യവും ആശുപത്രികളില്‍ സജ്ജമാണ്. 2490 ഡോക്ടര്‍മാരാണു കേരളത്തില്‍ സഭയുടെ ആശുപത്രികളില്‍ സേവനം ചെയ്യുന്നത്. ഇതില്‍ 170 ഡോക്ടര്‍മാര്‍ സന്യാസിനികളാണ്. സന്യസ്തര്‍ ഉള്‍പ്പടെ 10300 നഴ്‌സുമാര്‍ സേവനം ചെയ്യുന്നു. 5550 പാരാമെഡിക്കല്‍, 6800 നോണ്‍ ക്ലിനിക്കല്‍ ജീവനക്കാര്‍ സഭയുടെ ആശുപത്രികളിലുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമേ 1020 സന്യാസിനികള്‍, 120 വൈദികര്‍ എന്നിവരുടെ സേവനവും സഭയുടെ ആശുപത്രികളില്‍ ലഭ്യമാണ്.
അടിയന്തിര സാഹചര്യത്തില്‍ ആവശ്യമുള്ളത്രയും ആശുപത്രികള്‍ പൂര്‍ണമായി കോവിഡ് ചികിത്സയ്ക്കു വിട്ടു നല്‍കാന്‍ സന്നദ്ധമാണെന്നു ആരോഗ്യവകുപ്പിനെ സഭനേതൃതം അറിയിച്ചിട്ടുണ്ടെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ (ചായ്) കേരള ഘടകം എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട പറഞ്ഞു. പല ആശുപത്രികളുടെ ഏതാനും വാര്‍ഡുകള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കി ആവശ്യമുള്ള ആശുപത്രികള്‍ പൂര്‍ണമായി ഏറ്റെടുക്കുന്ന രീതി അവലംബിക്കുന്നതാണ് ഉചിതമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു പരിശീലനം ലഭിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും നിയോഗിക്കാനും കേന്ദ്രീകൃത സംവിധാനത്തില്‍ മരുന്നുകളും മറ്റും ലഭ്യമാക്കാനും സാധിക്കും. കോവിഡ് 19 രോഗികള്‍ക്കൊപ്പം മറ്റു രോഗികളെക്കൂടി ഒരേ ആശുപത്രികളില്‍ ചികിത്സിക്കുന്നത് പ്രായോഗിക പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക