Life In Christ
ഊരിവച്ച ഡോക്ടര്‍ കുപ്പായം വീണ്ടുമണിഞ്ഞ് സേവന സന്നദ്ധനായി ഒരു ഇറ്റാലിയന്‍ വൈദികന്‍
സ്വന്തം ലേഖകന്‍ 30-03-2020 - Monday
റോം: വൈദികനാകാന്‍ വേണ്ടി ഊരിവച്ച ഡോക്ടര്‍ കുപ്പായം വീണ്ടുമണിഞ്ഞ് സേവന സന്നദ്ധനായ ഇറ്റാലിയന്‍ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. മാതൃരാജ്യവും ലോകം മുഴുവനും മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ഫാ. ഫാബിയോ സ്റ്റീവനാസി എന്ന വൈദികനാണ് ഈ കാലഘട്ടത്തെ ഏറ്റവും വലിയ ആത്മീയ ശുശ്രൂഷ കോവിഡ് രോഗികളെ പരിചരിക്കലാണ് എന്ന തിരിച്ചറിവില്‍ ഡോക്ടര്‍ വേഷം വീണ്ടും അണിഞ്ഞത്. മിലാന്‍ രൂപതയിലെ വൈദികനായ ഫാ. ഫാബിയോ ഡോക്ടര്‍ പഠനത്തിനു ശേഷം കുറച്ചുനാള്‍ ജോലി ചെയ്തതിനു ശേഷമാണു സെമിനാരിയില്‍ ചേര്‍ന്നതും വൈദികനായതും. കോവിഡ് ദുരിതകാലത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളും പ്രാര്‍ത്ഥനകളുമാണ് അദ്ദേഹത്തെ വീണ്ടും ഡോക്ടര്‍ കുപ്പായണിയാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് സഭാധികാരികളോടു സമ്മതം ചോദിച്ച ശേഷം ആതുരശുശ്രൂഷാ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു.
വടക്കന്‍ ഇറ്റലിയിലെ ബുസ്‌തോ ആര്‍സിസിയോ നഗരത്തിലെ ആശുപത്രിയിലാണ് നാല്‍പ്പത്തിയെട്ടുകാരനായ ഈ വൈദികന്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഫാ. ഫാബിയോ കോവിഡ് ഇന്നു രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. തന്റെ ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ സഹപ്രവര്‍ത്തകരായ വൈദികരുമായൊന്നും സമ്പര്‍ക്കം പുലര്‍ത്താതെ ഏകനായി കഴിയുകയാണ് അദ്ദേഹം. പൗരോഹിത്യത്തിന്റെയും ആതുരസേവനത്തിന്റെയും നന്മകള്‍ ഒരേസമയം പകര്‍ന്നു നല്‍കുന്ന ഈ വൈദികനും ആതുരാശുശ്രൂഷ രംഗത്ത് സേവനം ചെയ്യുന്ന മറ്റനേകര്‍ക്ക് വേണ്ടിയും നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക