Life In Christ - 2025

പാപ്പയുടെ ആഹ്വാനത്തില്‍ ലോകമെങ്ങും ഒരേസമയം 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' ഉയര്‍ന്നു

പ്രവാചക ശബ്ദം 26-03-2020 - Thursday

റോം: കൊറോണ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു പങ്കുചേര്‍ന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം. വത്തിക്കാന്‍ സമയം ഉച്ചക്കു 12 മണിക്ക് (ഇന്ത്യന്‍ സമയം ഇന്നലെ വൈകീട്ട് 4.30) നു സ്വഭവനങ്ങളില്‍ നിന്നാണ് കോടിക്കണക്കിന് വിശ്വാസികള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലി സ്വര്‍ഗ്ഗീയ ഇടപെടലിനായി പ്രാര്‍ത്ഥിച്ചത്. സെമിനാരികളിലും സന്യസ്ഥ ഭവനങ്ങളിലും ബിഷപ്പ് ഹൌസുകളിലും പ്രാര്‍ത്ഥന ഉയര്‍ന്നു. ഭാരതത്തിനു അകത്തും പുറത്തുമുള്ള വിവിധ അപ്പസ്തോലിക സഭകളിലെ മെത്രാന്‍മാരും പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു. മാനവകുലം മഹാമാരിക്കു മുന്നില്‍ പതറി നില്ക്കുന്നതിന്‍റെ മനോവ്യഥയിലാണ് മാര്‍പാപ്പ പ്രാര്‍ത്ഥനാഹ്വാനം നടത്തിയത്.

വത്തിക്കാനില്‍ പ്രാര്‍ത്ഥന ഉരുവിടുന്നതിനു മുന്‍പ് പാപ്പ നല്കിയ ഹ്രസ്വമായ ആമുഖസന്ദേശത്തില്‍ വിവിധസഭകള്‍ കൈകോര്‍ത്ത ഈ പ്രാര്‍ത്ഥനയുടെ സാര്‍വ്വത്രികതയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. പിതാവില്‍ ആത്മവിശ്വാസമുള്ള മക്കളെപ്പോലെയാണ് ക്രൈസ്തവര്‍ ഇന്നേദിവസം പ്രാര്‍ത്ഥിക്കുന്നത്. ദിവസത്തില്‍ പലതവണ ഉരുവിടുന്ന പ്രാര്‍ത്ഥനയാണെങ്കിലും, കൊറോണ വൈറസ് മഹാമാരി മാനവകുലത്തെ കഠിനമായി പരീക്ഷിക്കുന്ന ഈ ഘട്ടത്തില്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി സഭകള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയാണെന്ന് പാപ്പ പറഞ്ഞു. ഏതു സഭയിലും സമൂഹത്തിലും, ഭാഷയിലും സംസ്കാരത്തിലും പ്രായത്തിലുമുള്ളവരായാലും ഈ രോഗബാധയില്‍നിന്നും മാനവകുലത്തെ രക്ഷിക്കണമേയെന്നു ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.

മംഗളവാര്‍ത്ത തിരുനാളില്‍ സഭ പ്രത്യേകമായി അനുസ്മരിക്കുന്നത് ദൈവഹിതത്തിനു കീഴ് വഴങ്ങിക്കൊണ്ട് യേശുവിന്റെ മനുഷ്യാവതാരത്തിനു പരിശുദ്ധ മറിയം മൂളിയ വിനയാന്വിതമായ സമ്മതത്തെയാണ്. മറിയത്തെപ്പോലെ വിനയാന്വിതരായി ദൈവകരങ്ങളില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ആത്മാവും മനസ്സുമുയര്‍ത്തി പിതാവിനോടു പ്രാര്‍ത്ഥിക്കാമെന്ന് ആഹ്വാനം ചെയ്തു പാപ്പ പ്രാര്‍ത്ഥിക്കുകയായിരിന്നു. വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്നുള്ള പാപ്പയുടെ പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര കത്തോലിക്ക ടെലിവിഷന്‍ ചാനലുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 32