Life In Christ
യുവാവിന് വേണ്ടി വെന്റിലേറ്റര്‍ വേണ്ടെന്നുവെച്ച് ഇറ്റാലിയന്‍ വൈദികന്‍ മരണത്തെ പുല്‍കി
സ്വന്തം ലേഖകന്‍ 24-03-2020 - Tuesday
റോം: ജീവന്‍ കൊടുത്തു അപരനെ സ്നേഹിച്ച എഴുപത്തിരണ്ടുകാരനായ ഇറ്റാലിയന്‍ വൈദികന്റെ ത്യാഗത്തില്‍ ശിരസ്സ് നമിച്ച് ലോകം. ഇറ്റലിയിലെ ലോവ്റെയിലെ ആശുപത്രിയില്‍ കോവിഡ് 19 രോഗബാധിതനായി കഴിയുകയായിരിന്ന ഫാ. ഡോണ്‍ ജൂസപ്പെ ബെരാദേല്ലി എന്ന വൈദികനാണ് രോഗിയായ യുവാവിന് വേണ്ടി തന്റെ ശ്വസന സഹായി വേണ്ടെന്നുവെച്ചു മരണത്തെ പുല്‍കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15നു നടന്ന ഈ ജീവത്യാഗത്തെ സംഭവിച്ച വിവരങ്ങള്‍ ഇന്നലെ രാത്രിയോടു കൂടിയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
കൊറോണ സംഹാരതാണ്ഡവമാടുന്ന ഇറ്റലിയില്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന വെന്റിലേറ്ററുകളുടെ അഭാവം വളരെ രൂക്ഷമാണ്. രോഗത്തിന്റെ ഏറ്റവും കടുത്ത അവസ്ഥയില്‍ വെന്റിലേറ്റര്‍ കൂടാതെ ജീവിക്കുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഫാ. ബെരാദേല്ലി തനിക്കനുവദിച്ച വെന്റിലേറ്റര്‍, ജീവിതത്തിന്റെ ആരംഭ ദിശയിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരന് നല്‍കി ജീവത്യാഗം ചെയ്തത്. വിശ്വാസികളിൽ സാമ്പത്തിക സഹായം ആവശ്യമായവർക്കായി സഹായങ്ങൾ നൽകുവാൻ മോട്ടോർ സൈക്കിളിൽ എത്തിയിരുന്ന അദ്ദേഹം ഇടവക സമൂഹത്തിന് ഏറെ പ്രിയങ്കരനായിരിന്നു.
കുടുംബസ്ഥനായ ഒരാള്‍ക്ക് വേണ്ടി സ്വയം മരണം സ്വീകരിച്ച വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെയെ പോലെ ‘അനുകമ്പയുടെ രക്തസാക്ഷി’യായിട്ടാണ് പ്രമുഖ ജെസ്യൂട്ട് വൈദികന്‍ ഫാ. ജെയിംസ് മാര്‍ട്ടിന്‍ തന്റെ ട്വീറ്റില്‍ ഫാ. ഡോണ്‍ ജൂസപ്പെയെ ഉപമിച്ചിരിക്കുന്നത്. അതേസമയം ഇറ്റലിയിൽ അറുപതോളം വൈദികരാണ് നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്. പൊതുവായ ബലിയർപ്പണങ്ങൾ നിർത്തലാക്കിയെങ്കിലും കൊറോണ മൂലം ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം വൈദികർ ഇപ്പോഴും സേവന സന്നദ്ധരായി തുടരുകയാണ്. ഇതിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാ. ഡോണ്‍ ജൂസപ്പെ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക