Life In Christ - 2025
കോവിഡ് 19: പ്രാര്‍ത്ഥനയും ബൈബിൾ പഠനവുമായി അമേരിക്കന്‍ ഗവർണറുടെ ലൈവ് വീഡിയോ
സ്വന്തം ലേഖകന്‍ 25-03-2020 - Wednesday
മിസിസിപ്പി: കൊറോണ വൈറസിനെ ചെറുക്കാനായി ലോക നേതാക്കന്മാർ വിവിധ നടപടികൾ എടുക്കുന്നതിനിടയിൽ ആത്മീയ ആയുധം, ധരിക്കുവാന്‍ ജനങ്ങളെ ഉത്ബോധിപ്പിച്ച് അമേരിക്കന്‍ സംസ്ഥാനമായ മിസിസിപ്പിയുടെ ഗവർണർ റ്റേറ്റ് റീവ്സ്. ഞായറാഴ്ച അദ്ദേഹം സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രാർത്ഥനയുടെ അകമ്പടിയോടെ നടത്തിയ ബൈബിൾ പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം ജനങ്ങളിലെത്തിച്ചു. "ഞാൻ പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നു. ഈ ഞായറാഴ്ച എന്നോടൊപ്പം പ്രാർത്ഥിക്കാനായി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു വരുമ്പോൾ അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും," എന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വന്നത്.
"ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്‌തരാകുന്നില്ല. അടിച്ചുവീഴ്‌ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല" എന്ന വിശുദ്ധ പൌലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ വചന ഭാഗം ഉള്‍പ്പെടെ മൂന്ന് ബൈബിൾ ഭാഗങ്ങളാണ് അദ്ദേഹം വായിച്ചത്. ഏകദേശം 179000 ആളുകൾ അദ്ദേഹത്തോടൊപ്പം പ്രാർത്ഥനയിലും, വചന പഠനത്തിലും പങ്കുചേർന്നു. തന്റെ വീഡിയോയില്‍ മിസിസിപ്പിയിലെ ജനങ്ങളെ ദൈവീക സംരക്ഷണത്തിനായി ഭരമേല്‍പ്പിച്ചും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും, വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും ജ്ഞാനം നൽകണമേയെന്നും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ട്.
വാഷിംഗ്ടണിലെ മറ്റ് നേതാക്കന്മാർക്ക് വേണ്ടിയും റ്റേറ്റ് റീവ്സ് ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി. വീടുകളിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുകയും, അവരെ ശുശ്രൂഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് പ്രതിസന്ധി ഘട്ടമാണെന്നും എന്നാൽ ഒരുമിച്ച് നിന്നാൽ ഇതിനെ മറികടക്കാൻ സാധിക്കുമെന്നും റ്റേറ്റ് റീവ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രയധികമായി സ്നേഹിച്ചു" എന്ന യോഹന്നാൻ സുവിശേഷത്തിലെ വചന ഭാഗത്തോടു കൂടിയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്. മാധ്യമങ്ങളിലൂടെ ദൈവ ശുശ്രൂഷകളിൽ പങ്കെടുക്കണമെന്നും, നേതാക്കന്മാർക്ക് വേണ്ടിയും സംസ്ഥാനത്തെ മറ്റു ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും റ്റേറ്റ് റീവ്സ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക