News - 2024

കോവിഡ് 19: ഭക്ഷണ ദൗർലഭ്യം നേരിടുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 30-03-2020 - Monday

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ ദൗർലഭ്യം നേരിടുന്നവർക്ക് വേണ്ടിയും വരുംദിവസങ്ങളിൽ ഭക്ഷണ ദൗർലഭ്യം നേരിടാൻ സാധ്യതയുള്ളവർക്കുവേണ്ടിയും ഫ്രാൻസിസ് പാപ്പ പ്രാർത്ഥിച്ചു. മാർച്ച് 28നു പേപ്പൽ വസതിയായ സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലിക്ക് മുമ്പ് നൽകിയ സന്ദേശത്തിലാണ് പാപ്പ, ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരെ സ്മരിച്ചത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനിലെ പരിണതഫലങ്ങളിൽ ഒന്ന് ഭക്ഷണ ദൗർലഭ്യമാണെന്നും വിശദീകരിച്ച പാപ്പ, സ്ഥിരം ജോലി ഇല്ലാത്തതിനാലും ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമായതിനാലും, മറ്റു പല കാരണങ്ങളാലും വിശപ്പിലൂടെ കടന്നു പോകുന്നവരെ നമ്മുടെ ചുറ്റുപാടുകളിൽ ഇപ്പോൾ കണ്ടെത്താൻ സാധിക്കുമെന്ന് പറഞ്ഞു.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ദരിദ്രർക്ക് ഭക്ഷണവും, കൂദാശകളും നൽകാൻ പോകുന്ന വൈദികരെയും സന്യസ്തരെയും മാർപാപ്പ തന്റെ സന്ദേശത്തിൽ സ്മരിച്ചു. അതേസമയം ചില വൈദികരും, സന്യസ്തരും ഇപ്പോഴത്തെ സാഹചര്യത്തിൽ ദരിദ്രരായവർക്ക് ഭക്ഷണവും മറ്റ് ആവശ്യങ്ങളും എത്തിക്കാൻ മടികാണിക്കുന്നുവെന്നും പാപ്പ വിമർശനമുന്നയിച്ചു. സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ളവരോടൊപ്പം ജീവിച്ച ക്രിസ്തുവിൻറെ മനോഭാവം അവർക്ക് ഇല്ലാതായി പോയി.

പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്നത് സർക്കാരിന്റെ മാത്രം ചുമതലയായി കരുതരുത്. പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾക്ക് കൂദാശകളും, മറ്റു സഹായങ്ങളും എത്തിക്കുന്ന വൈദികരുടെ ഉദാഹരണങ്ങളും മാർപാപ്പ ചൂണ്ടിക്കാട്ടി. മലയോര ഗ്രാമത്തിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ഒരു വൈദികൻ, കനത്ത മഞ്ഞിലൂടെ ദിവ്യകാരുണ്യമായി ആളുകളെ ആശീര്‍വ്വദിക്കുവാന്‍ കടന്നുപോയ ഒരു സംഭവം പാപ്പ ഉദാഹരണമായി പറഞ്ഞു. പ്രസ്തുത വൈദികൻ കനത്ത മഞ്ഞിനെ ഒന്നും കാര്യമായെടുത്തില്ലെന്നും, യേശുവിനെ വിശ്വാസികളുടെ അടുത്ത് എത്തിക്കുക എന്നത് മാത്രമായിരുന്നു ആ വൈദികന്റെ ഏക ലക്ഷ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »