News

കൊറോണ വൈറസ് വ്യാപനത്തിന്റെ ഉത്തരവാദി ചൈന: കർദ്ദിനാൾ ചാൾസ് ബോ

സ്വന്തം ലേഖകന്‍ 03-04-2020 - Friday

യാംഗൂണ്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശ്രദ്ധക്കുറവും അടിച്ചമർത്തൽ മനോഭാവവും മൂലമാണ് ദരിദ്രരാജ്യങ്ങളിൽ അടക്കം കൊറോണ വൈറസ് വ്യാപിച്ചതെന്നും ഇതില്‍ ഭരണകൂടം ലോകത്തോട് മാപ്പു പറയണമെന്നും ഏഷ്യൻ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ചാൾസ് ബോ. വിഷയത്തില്‍ നഷ്ടപരിഹാരം നൽകാൻ അവർ ബാധ്യസ്ഥരാണെന്നും മ്യാന്മറിലെ യാംഗൂണ്‍ അതിരൂപതയുടെ ആർച്ച് ബിഷപ്പ് കൂടിയായ കർദ്ദിനാൾ ബോ യുസിഎ ന്യൂസ് എന്ന മാധ്യമത്തിൽ എഴുതിയ ലേഖനത്തില്‍ കുറിച്ചു. കൊറോണ വൈറസ് വ്യാപനത്തെ പറ്റി ലോകത്തെ അറിയിക്കാൻ ശ്രമിച്ച ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കാൻ ചൈന നടത്തിയ ശ്രമത്തെ ശക്തമായ ഭാഷയിൽ കര്‍ദ്ദിനാള്‍ ലേഖനത്തില്‍ അപലപിക്കുന്നുണ്ട്.

വലിയ ചരിത്രമുള്ള രാജ്യമാണ് ചൈന. ലോകത്തിന് അവർ ഒരുപാട് സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ ക്രിമിനൽ അനാസ്ഥമൂലമാണ് വൈറസ് ഇത്രയധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ചൈനയിലെ ജനങ്ങൾ അല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും, അതിനാൽ വർഗീയ പരമായി ചൈനയിലെ ജനങ്ങളോട് പെരുമാറരുതെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.

ഏകാധിപത്യ സർക്കാരിന്റെ ആദ്യത്തെ ഇര അവിടുത്തെ ജനങ്ങൾ തന്നെയായിരുന്നു. ചൈനയുടെ ദരിദ്രരായ അയൽ രാജ്യങ്ങളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. നല്ല സാമ്പത്തികശേഷിയുള്ള രാജ്യങ്ങൾ പോലും വൈറസിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ, ദരിദ്രരായ ജനങ്ങളുള്ള മ്യാൻമാർ പോലുള്ള രാജ്യങ്ങൾ എങ്ങനെ അതിനെ അതിജീവിക്കുമെന്നുള്ള ചോദ്യം കർദ്ദിനാൾ ഉയര്‍ത്തി. 2015 ലാണ് ബിഷപ്പ് ചാൾസ് ബോ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. അതേസമയം കര്‍ദ്ദിനാളിന്‍റെ വാക്കുകള്‍ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊറോണ ആദ്യമായി പടര്‍ന്ന് പിടിച്ചത് ചൈനയിലായിരിന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകമാകെ കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപിച്ച് അമേരിക്കന്‍ മാസിക ‘നാഷണല്‍ റിവ്യൂ’ കഴിഞ്ഞ ആഴ്ച ലേഖനം പ്രസിദ്ധീകരിച്ചിരിന്നു. വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണ് മൂടിവച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »