News - 2025

വെന്റിലേറ്റർ ഉൾപ്പെടെയുള്ള സഹായങ്ങൾ സിറിയയിലേക്കും വിശുദ്ധനാട്ടിലേക്കും അയക്കുമെന്ന് വത്തിക്കാൻ

സ്വന്തം ലേഖകന്‍ 20-04-2020 - Monday

വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ സഹായങ്ങൾ സിറിയയിലേക്കും, വിശുദ്ധനാട്ടിലേക്കും അയക്കുമെന്ന് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുളള വത്തിക്കാൻ തിരുസംഘം പ്രഖ്യാപനം നടത്തി. പത്ത് വെന്റിലേറ്ററുകൾ സിറിയയിലേക്കും, മൂന്നെണ്ണം ജെറുസലേമിലെ സെന്റ് ജോസഫ് ആശുപത്രിക്കുമായി നൽകാനാണ് പദ്ധതിയിടുന്നത്. ഗാസയിലേക്ക് ടെസ്റ്റിംഗ് കിറ്റുകളും ബത്‌ലഹേമിലെ ഹോളിഫാമിലി ആശുപത്രിക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് ശനിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിലൂടെ തിരുസംഘം വ്യക്തമാക്കി.

ഫ്രാൻസിസ് മാർപാപ്പയുടെ പേരിലായിരിക്കും സഹായങ്ങൾ നൽകുന്നത്. കൊറോണ ബാധിതരെ സഹായിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഫോൺഡോ എമർജൻസിയ സിഇസി എന്ന അത്യാഹിത ഫണ്ടിന് പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അടുത്തിടെ രൂപം നൽകിയിരുന്നു. പ്രസ്തുത ഫണ്ടിൽനിന്നായിരിക്കും പശ്ചിമേഷ്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകാനുള്ള പണം കണ്ടെത്തുന്നത്. ദൈവകരുണയുടെ തിരുനാൾ ആചരിക്കുന്നതിനാലും, പൗരസ്ത്യ നാടുകളിലെ ഒരു വിഭാഗം ക്രൈസ്തവർ ഈസ്റ്റർ ആചരിക്കാനായി ഒരുങ്ങുന്നതിനാലുമാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താൻ തീരുമാനിച്ചതെന്ന് തിരുസംഘം വ്യക്തമാക്കി.

സഹായങ്ങൾ എത്തിക്കുന്നതിനായി മറ്റ് സംഘടനകളുമായും സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് പത്രക്കുറിപ്പിലൂടെ തിരുസംഘം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ വത്തിക്കാൻ പ്രതിനിധികൾ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വെൻറിലേറ്ററുകളും, ടെസ്റ്റിംഗ് കിറ്റുകളും നൽകാൻ പെട്ടെന്നു തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തികമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും എല്ലാ വർഷവും, സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും നൽകുന്ന പണവും, സിറിയയിലും, ജോർദാനിലും ലിബിയയിലുമടക്കം ഭവനരഹിതരായവർക്കുള്ള സഹായങ്ങളും ഈ വർഷവും നൽകുമെന്ന് തിരുസംഘം വിശദീകരിച്ചു. പ്രാർത്ഥനയോടുകൂടിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള തിരു സംഘത്തിന്റെ പത്രക്കുറിപ്പ് അവസാനിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 542