News - 2025
കൊറോണ: കര്‍മ്മനിരതരായിരിക്കുന്ന സമര്‍പ്പിതര്‍ക്ക് 55 ലക്ഷം ഡോളറിന്റെ അടിയന്തര ധനസഹായം
സ്വന്തം ലേഖകന്‍ 17-04-2020 - Friday
ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ലോകമെമ്പാടുമായി രോഗബാധക്ക് കൂടുതല്‍ സാധ്യതകളുള്ള സാഹചര്യങ്ങളില്‍ കര്‍മ്മനിരതരായിരിക്കുന്ന കത്തോലിക്കാ വൈദികരെയും, കന്യാസ്ത്രീകളേയും സഹായിക്കുന്നതിനായി അന്താരാഷ്‌ട്ര പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍)ന്റെ ഇടപെടല്‍. 55 ലക്ഷം ഡോളറിന്റെ അടിയന്തര ധനസഹായമാണ് എ.സി.എന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈദികരും സന്യാസിനികളും കോവിഡിനെ തുടര്‍ന്നു ദുരിതത്തിലായ പാവങ്ങള്‍ക്കിടയില്‍ ഭക്ഷണവും ഇതര സഹായവുമായി രംഗത്തുണ്ട്. സാമ്പത്തിക ഭാരമാണ് ഇവരെ അലട്ടിക്കൊണ്ടിരിന്ന പ്രധാന പ്രശ്നം. ഈ പശ്ചാത്തലത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും തങ്ങളുടെ ആത്മീയ, സാമൂഹ്യ സേവനകള്‍ തുടരുന്നതിന് അടിയന്തിര ധനസഹായം ഏറെ സഹായമേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപൂര്‍വ്വേഷ്യ, മധ്യ-കിഴക്കന്‍ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ കൗദാശികമായ ദൗത്യങ്ങള്‍, മതബോധനം, രോഗികളേയും പ്രായപൂര്‍ത്തിയായവരേയും ശുശ്രൂഷിക്കല്‍, പാവപ്പെട്ടവരെ സഹായിക്കല്‍, ജയില്‍ അന്തേവാസികളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നരെ സഹായിക്കുവാനാണ് ധനസഹായത്തിലൂടെ എ.സി.എന്‍ ലക്ഷ്യമിടുന്നത്.
കൊറോണയെ തുടര്‍ന്ന്‍ മാനവ സമൂഹത്തിന്റെ ദുരിതങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് ദൈവത്തിന്റെ സ്നേഹവും അനുകമ്പയും ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കിടയില്‍ എത്തിക്കുവാന്‍ കഷ്ടപ്പെടുന്ന ധീരരായ പുരോഹിതരേയും, കന്യാസ്ത്രീകളേയും സഹായിക്കുവാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന് എ.സി.എന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയിനെ-ജെല്‍ഡേന്‍ പറഞ്ഞു. ഈ സാമ്പത്തിക സഹായത്തിനായി തങ്ങള്‍ക്ക് സംഭാവന നല്‍കിയവരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക