News - 2024

മഹാമാരിക്കെതിരെ ആത്മീയ പ്രതിരോധം ഉയർത്താൻ ഡൊമിനിക്കൻ സന്യാസിനികള്‍

സ്വന്തം ലേഖകന്‍ 28-04-2020 - Tuesday

റോം: ലോകമെങ്ങും പടര്‍ന്നിരിക്കുന്ന കൊറോണ മഹാമാരിക്കെതിരെ ആത്മീയ പ്രതിരോധം ഉയർത്താൻ അന്താരാഷ്ട്രതലത്തിൽ അഖണ്ഡ ജപമാലയത്നം ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള ഡൊമിനിക്കൻ ആശ്രമങ്ങളിലും സന്യാസിനീ മഠങ്ങളിലും ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചുള്ള ജപമാല സമര്‍പ്പണം നാളെ (ഏപ്രിൽ 29) പ്രാദേശികസമയം രാത്രി 9 മുതൽ നടത്താനാണ് ഡൊമിനിക്കൻ സഭയുടെ പ്രൊമോട്ടർ ജനറൽ ഫാ. ലോറൻസ് ലേ സഭാംഗങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഡൊമിനിക്കൻ സഭയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വിശുദ്ധ കാതറിൻ ഓഫ് സിയന്നയുടെ തിരുനാൾ ദിനം ആയതിനാലാണ് ഏപ്രിൽ 29തന്നെ ജപമാല അർപ്പണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കോണ്‍ഗ്രിഗേഷന്‍ നേതൃത്വം വ്യക്തമാക്കി.

സാധ്യമെങ്കിൽ അതത് രാജ്യങ്ങളിൽനിന്നുള്ള ഡൊമിനിക്കൻ സഭാംഗങ്ങളുടെ ജപമാലയർപ്പണം സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യണമെന്നു ഫാ. ലോറൻസ് ലേ പറഞ്ഞു. നേരത്തെ ഫാത്തിമയിലുള്ള ഡൊമിനിക്കൻ സഭയുടെ സന്യാസിനീ മഠം സന്ദർശിക്കവേയാണ്, കൊറോണയ്‌ക്കെതിരെ അഖണ്ഡ ജപമാല എന്ന ആശയവുമായി സന്യാസിനികൾ പ്രൊമോട്ടർ ജനറൽ ഫാ. ലോറൻസിനെ സമീപിച്ചത്. തുടർന്ന് പ്രതിസന്ധിഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ സംരക്ഷണം തേടി പ്രാർത്ഥിക്കാൻ അഖണ്ഡ ജപമാലയജ്ഞത്തിന് ആഹ്വാനം നല്‍കുകയായിരിന്നു. മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ ഇതിന് മുന്‍പും അഖണ്ഡ ജപമാലയത്നം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 17-ാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗിനെ പ്രതിരോധിക്കാൻ ഇറ്റാലിയൻ സന്യാസിയായ ജോൺ റിസിയാർഡിയാണ് അഖണ്ഡ ജപമാല അർപ്പണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »