India - 2024

ഇടുക്കിയില്‍ എട്ടോളം കപ്പേളകള്‍ക്ക് നേരെ ആക്രമണം

പ്രവാചകശബ്ദം 13-03-2024 - Wednesday

കട്ടപ്പന: ഇടുക്കി ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം. വിവിധ മേഖലകളിലായുള്ള എട്ടോളം കപ്പേളകള്‍ക്ക് നേരെയാണ് കഴിഞ്ഞ രാത്രിയില്‍ ആക്രമണമുണ്ടായത്. ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ കപ്പേളകളാണ് ആക്രമിക്കപ്പെട്ടത്, ചില്ലുകള്‍ എറിഞ്ഞുടച്ച അവസ്ഥയിലാണ്. സംഭവത്തിൽ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

കട്ടപ്പന സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇടുക്കി കവലയിലുള്ള കപ്പേള, ഇരുപതേക്കര്‍ പോര്‍സ്യുങ്കല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, നരിയംപാറ പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, പുളിയന്‍മല സെന്റ് ആന്റണീസ് ദേവാലയത്തിന്റെ രണ്ട് കപ്പേളകള്‍, മൂങ്കിപ്പള്ളം, ചേറ്റുകുഴി ദേവാലയാങ്ങളുടേയും പഴയ കൊച്ചറയിലെ രണ്ട് ദേവാലയങ്ങളുടെ കപ്പേളകള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പുളിയന്‍മല കപ്പേളയുടെ ചില്ല്, പുലര്‍ച്ചെ ഒന്നേകാലോടെ ബൈക്കില്‍ എത്തിയ ഒരാള്‍ എറിഞ്ഞുടയ്ക്കുന്ന സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്. എല്ലാ കപ്പേളകളും സമാനമായ രീതിയില്‍, എറിഞ്ഞുടയ്ക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. കപ്പേളകൾ സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവം ഏറെ വേദനാജനകമാണെന്നും വിഷയത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.


Related Articles »