News - 2025

തിരുസഭയുടെ പരമോന്നത സ്ഥാനങ്ങളില്‍ നിയമന ഉത്തരവുമായി ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകന്‍ 02-05-2020 - Saturday

വത്തിക്കാൻ സിറ്റി: വൈദികർക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ബെന്യാമിനോ സ്റ്റെല്ലയ്ക്കും സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിനും കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലേക്ക് ഫ്രാൻസിസ് പാപ്പ സ്ഥാനക്കയറ്റം നൽകി. മെത്രാന്മാർക്ക് വേണ്ടിയുള്ള തിരുസംഘത്തിന്റെ സെക്രട്ടറി പദവി വഹിക്കുന്ന ആർച്ച് ബിഷപ്പ് ഇൽസൺ ഡി. ജീസസിനെ വൈസ് കാമർലെംഗോയായും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദ്ദിനാൾ കെവിൻ ഫാരലാണ് കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ കാമർലെംഗോ. മാർപാപ്പ കാലം ചെയ്യുകയോ, സ്ഥാനത്യാഗം നടത്തുകയോ ചെയ്താൽ, അടുത്ത മാർപാപ്പയുടെ തിരഞ്ഞെടുപ്പ് വരെ, വത്തിക്കാന്റെ ഭരണപരമായ കാര്യങ്ങൾ നോക്കി നടത്തുന്ന ചുമതല കാമർലെംഗോയ്ക്കാണ്.

കർദ്ദിനാൾമാരുടെ ഇടയിൽ മൂന്ന് അധികാരശ്രേണികളാണുള്ളത്. കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയാണ് ഏറ്റവും ഉയർന്നത്. കർദ്ദിനാൾ - പ്രീസ്റ്റ്, കർദ്ദിനാൾ - ഡീക്കൻ എന്നിവയാണ് മറ്റു ശ്രേണികൾ. കർദ്ദിനാൾ ഡീൻ തെരഞ്ഞെടുക്കപ്പെടുന്നത് കർദ്ദിനാൾ-ബിഷപ്പ് ശ്രേണിയിലുളള മെത്രാന്മാരുടെ ഇടയിൽനിന്നാണ്. സാധാരണയായി ഒരേസമയത്ത് ആറു കർദ്ദിനാൾ-ബിഷപ്പുമാർ മാത്രമാണ് സഭയിൽ ഉണ്ടായിരുന്നത്. എന്നാൽ 2018ൽ ഫ്രാൻസിസ് മാർപാപ്പ പ്രസ്തുത പതിവ് തെറ്റിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ ഉൾപ്പെടെ നാലു പേരെക്കൂടി കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലേക്ക് ഉയർത്തി. കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലുള്ളവരുടെ പ്രായാധിക്യം കണക്കിലെടുത്താണ് ഫ്രാൻസിസ് മാർപാപ്പ പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്.

പൗരസ്ത്യസഭകളുടെ പാത്രിയാർക്കീസ് പദവി വഹിക്കുന്നവർ, കർദ്ദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ, അവരും കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലായിരിക്കും ഉൾപ്പെടുകയെന്ന് വിശുദ്ധ പോൾ ആറാമൻ മാർപാപ്പ 1965-ൽ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം പൗരസ്ത്യസഭകളുടെ മൂന്നു തലവന്മാർ, ഇപ്പോൾ കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലുണ്ട്. റോമിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പോർട്ടോ സാന്തോ റുഫീന രൂപതയായിരിക്കും, കർദ്ദിനാൾ ബെന്യാമിനോ സ്റ്റെല്ലയ്ക്ക് സ്ഥാനിക രൂപതയായി ലഭിക്കുക. സാൻ ഫെലിസ് ഡാ കാൻറ്റിലിസ് എ സെന്റിക്കോളി എന്ന റോമിൽ സ്ഥിതി ചെയ്യുന്ന സ്ഥാനിക ദേവാലയത്തിന്റെ ചുമതല തന്നെ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ തുടർന്നും വഹിക്കും. ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാളാണ് ആര്‍ച്ച് ബിഷപ്പ് ടാഗിള്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »