Arts

വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ത്ത് അഞ്ചാം ക്ലാസുകാരി ശ്രദ്ധയാകര്‍ഷിക്കുന്നു

അജീഷ് 02-05-2020 - Saturday

കണ്ണൂര്‍: കളിച്ച് നടക്കേണ്ട പ്രായത്തില്‍ വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ക്കുന്ന കൊച്ചുമിടുക്കി അഞ്ചാം ക്ലാസുകാരിയായ മാര്‍ട്ടിന ചാള്‍സ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു. മാര്‍ട്ടിന വയലിനില്‍ തീര്‍ക്കുന്ന സ്വരമാധുര്യം വാക്കുകള്‍ക്കതീതമാണ്. അത്രയേറെ മാധുര്യമുള്ളതാണ് ഈ മിടുക്കിയുടെ വയലിന്‍ വായന. ക്രിസ്തീയ ഗാനങ്ങളില്‍ ഈ കൊച്ചുമിടുക്കി വയലിനില്‍ തീര്‍ത്ത വിസ്മയം ആരെയും അമ്പരിപ്പിച്ച് കളയും. എടത്തൊട്ടി നവജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മാര്‍ട്ടിന ഇരിട്ടി പേരാവൂര്‍ മണത്തണ മടപ്പുരച്ചാലിലെ കല്ലംപ്ലാക്കല്‍ ചാള്‍സ് ഷൈനി ദമ്പതികളുടെ മകളാണ്.

കഴിഞ്ഞ മൂന്നര വര്‍ഷമായി വയലിന്‍ അഭ്യസിക്കുന്ന മാര്‍ട്ടിന നിരവധി വേദികളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വയ്ച്ചിട്ടുണ്ട്. ലണ്ടന്‍ ട്രിനിറ്റി കോളേജിന്റെ എട്ട് ഗ്രേഡുള്ള കോഴ്‌സില്‍ ഏഴ് ഗ്രേഡുകളും മികച്ച മാര്‍ക്കോടെ സ്വന്തമാക്കിയാണ് ഈ കൊച്ചു മിടുക്കി മുന്നേറുന്നത്. എട്ട് ഗ്രേഡിന് ശേഷം മൂന്ന് ഡിപ്ലോമ കൂടി പൂര്‍ത്തിയാക്കിയാല്‍ വയലിനില്‍ ഡോക്ടേറ്റ് പദവിയും മാര്‍ട്ടിനയ്ക്കു ലഭിക്കും. പത്താം വയസില്‍ വയലിന്‍ വായിച്ച് അംഗീകാരം നേടിയ കലാകാരികൂടിയാണ് മാര്‍്ട്ടിന എന്നതും എടുത്ത് പറയേണ്ടതാണ്. പിതാവ് ചാള്‍സ് തെളിച്ച വഴിയിലൂടെയുള്ള യാത്രയാണ് ഈ കൊച്ചുമിടുക്കിക്ക് സംഗീതതവഴിയില്‍ മുന്നേറാന്‍ പ്രചോദനമാകുന്നത്.

ഇടവക ദേവാലയത്തിലെ ദിവ്യബലിക്ക് കീബോര്‍ഡ് വായിക്കുന്നയാളാണ് മാര്‍ട്ടിനയുടെ പിതാവ്. കണ്ണൂരിലെ രാഗം ഇന്‍സറ്റിറ്റിയൂട്ടില്‍ വയലിന്‍ പഠിക്കുന്ന ഈ മിടുക്കിക്ക് മുഴുവന്‍ പ്രോത്സാഹനവും നല്‍കുന്നത് മാതാവ് ഷൈനിയാണ്. പ്രശസ്ത ഗായിക സയനോര ഫിലിപ്പിന്റെ പിതാവ് ഫിലിപ്പ് ഫെര്‍ണാണ്ടസിന്റെ ശിക്ഷണത്തിലാണ് മാര്‍ട്ടിന വയലിന്‍ പരിശീലിക്കുന്നത്. സംഗീത ലോകത്ത് പുതിയ പടവുകള്‍ താണ്ടി പുതുതലമുറയിലെ സംഗീതത്തിന്റെ വാഗ്ദാനമായി ഈ കൊച്ചുമിടുക്കി മാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.


Related Articles »