News - 2024

ദയാവധ അനുകൂല നിലപാട്: ബെല്‍ജിയത്തിലെ കത്തോലിക്ക സ്ഥാപനങ്ങളുടെ മേല്‍ വിശ്വാസ തിരുസംഘത്തിന്റെ നടപടി

സ്വന്തം ലേഖകന്‍ 06-05-2020 - Wednesday

ബെല്‍ജിയം: മൂന്നു വര്‍ഷം മുന്‍പ് രോഗികള്‍ക്ക് ദയാവധം അനുവദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ബെല്‍ജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 15 മാനസികാരോഗ്യ ആശുപത്രികളോട് കത്തോലിക്കാ സ്ഥാപനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് അവസാനിപ്പിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘം ഉത്തരവിട്ടു. ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ കീഴിലുള്ള ഒരു കോര്‍പ്പറേഷനാണ് ഈ ആശുപത്രികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയും അവരുടെ ആശുപത്രികളുടെ മേല്‍നോട്ടം വഹിക്കുന്ന കോര്‍പ്പറേഷനുമായി മൂന്നു വര്‍ഷക്കാലം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് വത്തിക്കാന്‍ ശക്തമായ നടപടിയെടുത്തത്.

ബല്‍ജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റി അസോസിയേഷന്‍ പ്രൊവിന്‍ഷ്യലേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനസിരോഗാശുപത്രികള്‍ക്ക് ഇനിമുതല്‍ കത്തോലിക്കാ സ്ഥാപനങ്ങളായി പരിഗണിക്കുവാന്‍ കഴിയില്ലെന്ന കാര്യം ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്ന് വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്കൊ ലഡാരിയ ഫെററും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയാക്കോമോ മൊറാണ്ടിയും ഒപ്പിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് അയച്ച കത്തില്‍ പറയുന്നു. 1995-ലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചാക്രികലേഖനത്തേയും, ജനുവരി 30ന് ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രഭാഷണത്തേയും ചൂണ്ടിക്കാണിച്ച തിരുസംഘം ഏത് സാഹചര്യമാണെങ്കില്‍ പോലും ദയാവധം ഒരിക്കലും അനുവദിക്കുവാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നു കത്തില്‍ വ്യക്തമാക്കി.

മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. 1807­-ല്‍ ബെല്‍ജിയത്തില്‍ സ്ഥാപിതമായ കത്തോലിക്ക അത്മായ സഭയാണ് ‘ദി ബ്രദേഴ്സ് ഓഫ് ചാരിറ്റി’. പ്രധാനമായും രോഗികളേയും, മാനസിക രോഗികളേയും പരിപാലിക്കുകയും ശുശ്രൂഷിക്കുകയുമാണ്‌ സമൂഹം ചെയ്യുന്നത്. തങ്ങളുടെ ആശുപത്രികള്‍ക്ക് കത്തോലിക്കാ പദവി നഷ്ടമാകുന്ന വേദനാജനകമാണെന്നും, കഠിന ഹൃദയത്തോടെ സഭക്ക് ബല്‍ജിയത്തിലെ തങ്ങളുടെ മാനസികരോഗാശുപത്രികള്‍ ഉപേക്ഷിക്കേണ്ടി വരുമെന്നുമാണ് ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജെനറല്‍ ബ്ര. റെനെ സ്റ്റോക്ക്മാന്‍റെ പ്രതികരണം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »