News - 2025
സന്യാസിനികളുടെ കൂട്ട വിയോഗത്തിൽ കണ്ണീർ പൊഴിച്ച് അമേരിക്കയിലെ ഫെലിസിയൻ മഠം
സ്വന്തം ലേഖകന്‍ 07-05-2020 - Thursday
മിഷിഗണ്‍: കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ പതിനൊന്ന് സന്യാസിനികൾ മരിച്ചതിന്റെ ദുഃഖത്തില്‍ അമേരിക്കയിലെ മിഷിഗണിലെ ലിവോണിയായിലെ ഫെലിസിയൻ സന്യാസിനികളുടെ മഠം. മഠത്തിൽ 23 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ഏഴു സന്യാസിനികൾ കൊറോണ ബാധിച്ചാണ് മരണമടഞ്ഞത്. മറ്റു ചില ആരോഗ്യ പ്രശ്നങ്ങളാൽ നാലു സന്യാസികളും ഇതിനിടയിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഏപ്രിൽ ആരംഭത്തിൽ 56 സന്യാസിനികൾ ഇവിടെ താമസിച്ചിരുന്നു. തങ്ങളുടെ മൂന്നു മഠങ്ങളിലായി മുപ്പത്തിയഞ്ചില്‍ കൂടുതൽ ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ഫെലിസിയൻ സന്യാസിനികളുടെ നോർത്ത് അമേരിക്കയിലെ പ്രോവിൻഷ്യാളായ സിസ്റ്റർ മേരി ക്രിസ്റ്റഫർ വെളിപ്പെടുത്തി.
കോവിഡ് 19 ബാധിച്ചവരിൽ സന്യാസിനി സമൂഹത്തിലെ സിസ്റ്റർമാരും, സന്യാസിനി സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജോലിക്കാരും ഉൾപ്പെടുന്നു. ദിവസത്തിൽ അഞ്ച് നേരം ഒരുമിച്ചുകൂടുന്ന തങ്ങളുടെ കൂട്ടായ്മയിലുള്ള ജീവിതം കൊറോണ മൂലം നഷ്ടപ്പെട്ടെന്ന് സിസ്റ്റർ മേരി ക്രിസ്റ്റഫർ വേദനയോടെ പറയുന്നു. കൃത്യമായ സാമൂഹ്യ അകലം പാലിക്കുന്നതിനാൽ, ഭക്ഷണ സമയത്തും, പ്രാർത്ഥന സമയത്തും ഇപ്പോൾ ഒരുമിച്ചു കൂടാൻ സന്യാസികൾക്ക് സാധിക്കുന്നില്ല. തങ്ങളുടെ സന്യാസിനി സഭയിലെ അംഗങ്ങളുടെയും മറ്റ് ജീവനക്കാരുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കാണ് ഈ സാഹചര്യത്തിൽ പ്രാധാന്യം നൽകുന്നതെന്നും സിസ്റ്റർ മേരി ക്രിസ്റ്റഫർ കൂട്ടിച്ചേർത്തു.
1825ൽ പോളണ്ടിൽ ജനിച്ച വാഴ്ത്തപ്പെട്ട മേരി അഞ്ജലയാണ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപക. വാര്‍സോ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ശുശ്രൂഷിക്കുന്നതിൽ അവർ അതീവ താത്പര്യം കാണിച്ചിരുന്നു. 1855ലാണ് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ചൈതന്യം ഉൾക്കൊണ്ട് ഫെലിസിയൻ സന്യാസിനി സമൂഹം സിസ്റ്റർ മേരി അഞ്ജല ആരംഭിക്കുന്നത്. 1899ൽ അവർ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 80 വർഷം മുമ്പാണ് ഫെലിസിയൻ സന്യാസിനി സമൂഹം അമേരിക്കയിൽ ആരംഭിക്കുന്നത്. ഡെട്രോയിറ്റ് നഗരത്തിന് സമീപമായിരുന്നു ആദ്യത്തെ മഠം സ്ഥാപിതമാകുന്നത്. പിന്നീട് അവർ മഡോണ സർവ്വകലാശാലയ്ക്കും, ഏതാനും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടക്കം കുറിക്കുകയായിരിന്നു. ബ്രസീലിലും, കെനിയയിലും, പോളണ്ടിലും, നോർത്ത് അമേരിക്കയിലുമടക്കം സന്യാസിനി സമൂഹത്തിന് മഠങ്ങളുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക