India - 2024

മദ്യവിതരണത്തിനുള്ള നിയന്ത്രണം തുടരണമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍

11-05-2020 - Monday

കൊച്ചി: കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിനും മദ്യവിതരണത്തിനുമുള്ള നിയന്ത്രണം തുടരണമെന്നു കെസിബിസി കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ കാലത്തുപോലും മദ്യവിപണനം നടത്താന്‍ വിഫലശ്രമങ്ങള്‍ നടത്തിയിരുന്നു. മദ്യവിപണനത്തിലൂടെയുള്ള വരുമാനം നാടിനും സമൂഹത്തിനും കുടുംബങ്ങള്‍ക്കും ആദായകരമാണെന്നുള്ള സര്‍ക്കാരിന്റെ വാദം തെറ്റെന്നു ലോക്ക്ഡൗണ്‍ തെളിയിച്ചു.

ഇതിനോടകം വില്പന തുടങ്ങിയ പല സംസ്ഥാനങ്ങളും അതു പിന്‍വലിച്ചു. ജീവനും സ്വത്തും സംരക്ഷിക്കാനും സമാധാനം നിലനിര്‍ത്തുന്നതിനും കരിഞ്ചന്തകള്‍ക്കു കടിഞ്ഞാണിടുന്നതിനും ലോക്ക്ഡൗണ്‍ സഹായകയമായതായും കമ്മീഷന്‍ ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കെസിബിസി കേരളത്തിലെ വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, മതനേതാക്കന്‍മാര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കന്‍മാര്‍ എന്നിവരുമായി ചേര്‍ന്നു കേരളത്തിലെ മദ്യനയം സംബന്ധിച്ച് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നടത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ എല്ലാ പള്ളികളിലും കുടുംബങ്ങളിലും സ്ഥാപനങ്ങളിലും മദ്യവിപനത്തിനെതിരേ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചുള്ള പ്രതിഷേധ പരിപാടികളും നടത്തണം. മദ്യശാലകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ടു സഭാതലത്തിലും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നേതൃത്വത്തിലും സര്‍ക്കാരിനു നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.


Related Articles »