News - 2025

ദൈവാരാധന അത്യാവശ്യമാണോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമല്ല, സഭയാണ്: മുന്‍ അമേരിക്കന്‍ ജഡ്ജി മക് കോണ്ണെല്‍

സ്വന്തം ലേഖകന്‍ 16-05-2020 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: ദൈവാരാധന അത്യാവശ്യമാണോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമല്ല, സഭയാണെന്ന്‍ യുഎസ് ടെന്‍ത് സര്‍ക്ക്യൂട്ട് അപ്പീല്‍ കോടതിയിലെ മുന്‍ ജഡ്ജിയും സ്റ്റാന്‍ഫോര്‍ഡ് ലോ സ്കൂള്‍ പ്രൊഫസറുമായ മക് കോണ്ണെല്‍. മതാരാധനകളുടെ ചില രൂപങ്ങള്‍ പൊതുജന ആരോഗ്യത്തിന് അപകടകരമാണോ എന്ന് മാത്രം രാഷ്ട്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 'സഭ, ഭരണകൂടം, പകര്‍ച്ചവ്യാധി' എന്ന വിഷയത്തെ ആസ്പദമാക്കി സാന്‍ഫ്രാന്‍സിസ്കോയിലെ ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സേക്രഡ് മ്യൂസിക് ആന്‍ഡ്‌ ഡിവൈന്‍ വര്‍ഷിപ്പ്’ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ മാഗ്ഗി ഗല്ലാഘര്‍ നടത്തിയ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എന്താണ് ആരോഗ്യകരം എന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമാണെങ്കില്‍, എന്താണ് പ്രധാനപ്പെട്ടതെന്ന് തീരുമാനിക്കേണ്ടത് സഭയാണെന്ന്‍ കോണ്ണെല്‍ പറഞ്ഞു. മതപരമായ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും താരതമ്യപ്പെടുത്താവുന്ന മറ്റ് പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ വിശ്വാസപരമായ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുവാനുള്ള അധികാരം സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൌണ്‍ കാലത്ത് ദേവാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ദൈവശാസ്ത്രജ്ഞരും, ആരാധനാക്രമ പണ്ഡിതരും, ആരോഗ്യപരിപാല വിദഗ്ദരും തയ്യാറാക്കി തോമിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡൊമിനിക്കന്‍ ഹൗസ് ഓഫ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദവും, സ്വീകാര്യവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്ണെല്ലിനു പുറമേ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത സാന്‍ ഫ്രാന്‍സിസ്കൊ മെത്രാപ്പോലീത്ത സാല്‍വടോര്‍ കോര്‍ഡിലിയോണും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. എന്താണ് അത്യാവശ്യം എന്ന് തീരുമാനിക്കുവാനുള്ള അധികാരം സഭക്ക് മാത്രമുള്ളപ്പോള്‍ സര്‍ക്കാര്‍ അത് പറയുന്നത് ശരിയല്ലെന്ന്‍ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. എന്താണ് സുരക്ഷിതം എന്ന്‍ പറയേണ്ട ഉത്തരവാദിത്തമാണ് ഭരണകൂടത്തിനുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഭീമമായ നിലയിലായതിനാല്‍ ദേവാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »