India - 2024

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്രിസ്തീയ അവഹേളനത്തിനെതിരെ നടപടിയുണ്ടാകണം: കെസിബിസി

18-05-2020 - Monday

കൊച്ചി: സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട സഭ്യതയുടെയും മര്യാദയുടെയും പരിധികള്‍ ലംഘിച്ചുകൊണ്ട്‌ ക്രിസ്തീയ വിശ്വാസത്തെയും സന്യാസജീവിതത്തെയും സന്യാസിനികളെയും അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണെന്ന് കെസിബിസി. ഒരു സന്യാസിനിയുടെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തു തെറ്റിദ്ധാരണാജനകമായ രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സമാനമായ മറ്റനേകം പോസ്റ്റുകളിലൂടെ ക്രിസ്തീയ സമുദായത്തിനും ജീവിതത്തിനുമെതിരേ വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്‌.

വ്യക്തികളുടെയും സമുദായങ്ങളുടെയും വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും നിയമപാലകരും തയ്യാറാകണം. ഇക്കാര്യത്തില്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തുകയും നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ അതു നിര്‍വഹിക്കുന്നു എന്നുറപ്പുവരുത്തുകയും വേണം. സാമുഹിക മാധ്യമങ്ങളിലെ പരിധിവിട്ട പ്രകോപനങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതയും വിദ്വേഷവും പടര്‍ത്തും. നിയമവാഴ്ചയെ വെല്ലുവിളിക്കുംവിധമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരേ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കെസിബിസി ഔദ്യോഗിക വക്താവ്‌ ഫാ. വര്‍ഗീസ്‌ വള്ളിക്കാട്ട് പ്രസ്താവനയിൽ കുറിച്ചു.


Related Articles »