News

ദേവാലയങ്ങൾ തുറക്കാന്‍ അനുമതി നല്‍കണം: അമേരിക്കന്‍ ഗവർണർമാരോട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം

പ്രവാചക ശബ്ദം 23-05-2020 - Saturday

വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ നടപ്പിലാക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും ആരാധനാലയങ്ങളെ ഒഴിവാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരോട് ആവശ്യപ്പെട്ടു. ഗവർണർമാർ അതിന് തയ്യാറായില്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അധികാരമുപയോഗിച്ച് ആരാധനകേന്ദ്രങ്ങള്‍ തുറക്കാൻ താൻ അനുമതി നൽകുമെന്നും ട്രംപ് മുന്നറിയിപ്പുനൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ആരോഗ്യ ഏജൻസിയായ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും, അതിൽ ദേവാലയങ്ങളെ അവശ്യ സർവീസായി കണക്കാക്കുമെന്നും വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു.

രാജ്യത്തിന് ഈയൊരു അവസ്ഥയിൽ കൂടുതൽ പ്രാർത്ഥന ആവശ്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ പക്ഷപാതം കാണിച്ച് ദേവാലയങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കരുതെന്ന് അറ്റോർണി ജനറൽ വില്യം ബാറും കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു. ചില ഗവർണർമാർ മദ്യശാലകളെയും, ഭ്രൂണഹത്യ ക്ലിനിക്കുകളെയും അവശ്യ സർവീസായി കണക്കാക്കുമ്പോൾ ദേവാലയങ്ങളെ അതിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ദേവാലയങ്ങളെ അവശ്യ സേവനത്തിന് പ്രഖ്യാപിക്കുക വഴി താൻ ഈ അനീതിക്ക് പരിഹാരം കാണുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതത്തിന്റെ പ്രധാന ഘടകമാണ് ആരാധനയെന്നും, ദേവാലയങ്ങളിൽ ഒത്തുചേരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും അവരുടെ പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. ഇന്നലത്തെ പത്രസമ്മേളനത്തിന് മുന്‍പ് നിരവധി മത നേതാക്കളുമായി പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി ആളുകൾ മരിക്കുകയും, നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ദേവാലയങ്ങളിൽ ചെന്ന് പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കണമെന്ന് അവർ ട്രംപിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ ആയിരത്തി അറുന്നൂറോളം ക്രൈസ്തവ നേതാക്കളുമായി കോൺഫറൻസ് കോളിലൂടെ അമേരിക്കൻ പ്രസിഡന്റ് സംസാരിച്ചിരുന്നു.

ദേവാലയങ്ങൾ തുറക്കാനുള്ള പൂർണ്ണ പിന്തുണ ട്രംപ് അവരോട് വാഗ്ദാനം ചെയ്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നത് തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് തുല്യമാണെന്ന് നിരവധി മതനേതാക്കൾ പരാതിപ്പെട്ടിരുന്നു. റസ്റ്റോറന്റുകളും, മാളുകളും തുറക്കാൻ അനുമതി നൽകിയിട്ട് ദേവാലയങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് കടുത്ത വിവേചനമാണെന്നും പ്രസിഡന്റ് ട്രംപിന്റെ വെള്ളിയാഴ്ചത്തെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റ്യൂട്ടിന്റെ അധ്യക്ഷ കെല്ലി ശാക്കെൽഫോർട്ട് പറഞ്ഞു.


Related Articles »