Arts
അഞ്ഞൂറു വര്‍ഷം പഴക്കമുള്ള റാഫേലിന്‍റെ അവസാന എണ്ണച്ഛായ ചിത്രീകരണങ്ങള്‍ വീണ്ടും വത്തിക്കാനില്‍
പ്രവാചക ശബ്ദം 25-05-2020 - Monday
വത്തിക്കാന്‍ സിറ്റി: വിശ്വോത്തര ചിത്രകാരന്‍ റാഫേലിന്‍റെ അവസാനത്തെ എണ്ണച്ഛായ ചിത്രീകരണങ്ങള്‍ പുനരുദ്ധാരണത്തിന് ശേഷം വത്തിക്കാനില്‍ വീണ്ടും അനാച്ഛാദനം ചെയ്തു. 2015-ല്‍ വത്തിക്കാനിലെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ നാമത്തിലുള്ള ഹാളില്‍ കണ്ടെത്തിയ ചിത്രീകരണങ്ങള്‍ പുനരുദ്ധാരണ പണികള്‍ക്കുശേഷമാണ് മെയ് 15നാണ് വീണ്ടും അനാച്ഛാദനം ചെയ്യപ്പെട്ടത്. വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും, നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി ലിയോ പത്താമന്‍ പാപ്പായുടെ കാലത്ത് (1513-21) ഒരുക്കിയതാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നാമത്തിലുള്ള വലിയ ഹാള്‍. 1520-ല്‍ തന്‍റെ അന്ത്യത്തിനുമുന്‍പ് റാഫേല്‍ വത്തിക്കാനിലെ കോണ്‍സ്റ്റന്‍റൈന്‍ ഹാളില്‍ നിര്‍വ്വഹിച്ച ചിത്രീകരണങ്ങളില്‍ നീതി, സൗഹൃദം എന്നിവയാണ് നിറഞ്ഞു നില്‍ക്കുന്നത്.
54x 36 അടി വലുപ്പമുള്ള എണ്ണച്ഛായ ചിത്രങ്ങള്‍ ഹാളിന്‍റെ തറയില്‍നിന്നും 30 അടി ഉയരത്തിലാണ് റാഫേല്‍ വരച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ മധ്യഇറ്റലിയിലെ ഉംബ്രിയയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച റാഫേല്‍ 21 വയസ്സുവരെ ജന്മനാട്ടില്‍ പഠനത്തിലും ചിത്രരചനയിലും ചെലവഴിച്ചു. ഫ്ലോറന്‍സിലെ നാലു വര്‍ഷക്കാലംകൊണ്ടുതന്നെ റാഫേല്‍ യൂറോപ്പില്‍ അറിയപ്പെട്ട കലാകാരനായി വളര്‍ന്നിരുന്നു. തുടര്‍ന്ന് റോമില്‍ എത്തിയ റാഫേല്‍ വത്തിക്കാന്‍ മ്യൂസിയത്തിലും അപ്പസ്തോലിക അരമനയിലെ വിവിധ ഹാളുകളിലും, പ്രധാനപ്പെട്ട കാര്യാലയങ്ങളിലും തന്റെ കലാവിരുത് പ്രകടമാക്കി. 1520 ഏപ്രില്‍ 6-ന് 37-മത്തെ വയസ്സില്‍ റോമില്‍വെച്ച് തന്നെയായിരിന്നു റോമിന്റെ പ്രിയങ്കരനായ ഈ കലാകാരന്റെ അന്ത്യം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക