Arts

യഹൂദ ഭവനങ്ങളിലും ഇനി സുവിശേഷം എത്തും: ഹീബ്രു ഭാഷയിലുള്ള ആദ്യ ക്രിസ്ത്യന്‍ ചാനലിന് ഇസ്രായേലിന്റെ പച്ചക്കൊടി

പ്രവാചക ശബ്ദം 12-05-2020 - Tuesday

ജെറുസലേം: യഹൂദരുടെ വീടുകളിലേക്കും, ജീവിതങ്ങളിലേക്കും സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യവുമായി ക്രൈസ്തവ ചാനലായ ഷെലാനു ടിവി ഇസ്രായേലിൽ സംപ്രേക്ഷണമാരംഭിച്ചു. 'ഞങ്ങളുടേത്' എന്നാണ് ഷെലാനുവിന്റെ ഹീബ്രു ഭാഷയിലെ അർത്ഥം. ഏകദേശം 200 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ക്രൈസ്തവ ചാനലായ ഗോഡ് ടിവിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷെലാനു ടിവി. ചാനൽ സംപ്രേക്ഷണം ചെയ്യാനായി ഇസ്രായേലിലെ കേബിൾ സേവന ദാതാവായ ഹോട്ടുമായി ഏഴു വർഷത്തെ കരാറില്‍ ഷെലാനു ടിവി ഒപ്പുവെച്ചു കഴിഞ്ഞു. രാജ്യത്തെ ഏഴുലക്ഷത്തോളം ഭവനങ്ങളിൽ ചാനലുകൾ നൽകുന്ന കമ്പനിയാണ് ഹോട്ട്.

പുതിയ ചാനൽ സംപ്രേക്ഷണം ചെയ്യാനുള്ള അധികാരം ഇസ്രായേലി കമ്മ്യൂണിക്കേഷൻ മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേബിൾ ആൻഡ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് കൌൺസിൽ ഹോട്ടിന് നൽകിയിരുന്നു. ഇസ്രായേൽ അനുകൂല ക്രൈസ്തവർക്ക് വേണ്ടി വിശ്വാസ അധിഷ്ഠിത പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനൽ എന്നാണ് ഷെലാനു ടിവി ചാനൽ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. ഡേ സ്റ്റാർ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ തുടങ്ങിയ ക്രൈസ്തവ ചാനലുകൾ ഇസ്രായേലിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹീബ്രുഭാഷയിൽ വ്യക്തമായ സുവിശേഷവത്കരണ ലക്ഷ്യത്തോടുകൂടി സംപ്രേക്ഷണം ആരംഭിച്ച ആദ്യത്തെ ക്രൈസ്തവ ചാനലാണ് ഷെലാനു ടിവി.

യേശു ഒരു വിദേശി അല്ലെന്നും, യേശു ബെത്ലഹേമിൽ ജനിച്ച വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചാനല്‍ ഇസ്രായേലിൽ പ്രവർത്തനം ആരംഭിച്ചതെന്ന് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത് കുറിപ്പിൽ ഗോഡ് ടിവി വ്യക്തമാക്കി. യേശു വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ആണെന്ന് മനസ്സിലാക്കിയ സ്വദേശത്തും, വിദേശത്തുമുള്ള യഹൂദരുടെ വിശ്വാസ സാക്ഷ്യങ്ങൾ ചാനലിലൂടെ കാണാൻ സാധിക്കുമെന്നും ചാനല്‍ നേതൃത്വം പറഞ്ഞു. അതേസമയം ചാനലിനെതിരെ തീവ്ര നിലപാടുള്ള യഹൂദര്‍ രംഗത്തുവന്നിട്ടുണ്ട്. 25 വർഷങ്ങൾക്കു മുമ്പ് ബ്രിട്ടനില്‍ പ്രവർത്തനം ആരംഭിച്ച ഗോഡ് ടിവിയുടെ മിക്ക പരിപാടികളും യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »