Arts - 2024

അതിജീവനം- കരുതലോടെ, കാവലോടെ: പ്രാർത്ഥനാഗീതവുമായി കളർപ്ലസ് ക്രിയേറ്റീവ്സ്

05-05-2020 - Tuesday

കൊറോണ ഭീതിയിൽ കഴിയുന്ന രാജ്യത്തിനും ലോകത്തിനും, സാന്ത്വനവും ധൈര്യവും പ്രത്യാശയും നല്കാൻ, “അതിജീവനം: കരുതലോടെ, കാവലോടെ” എന്ന പേരിൽ ഒരു പ്രാർത്ഥനാഗീതവുമായി എത്തിയിരിക്കുകയാണ് കളർപ്ലസ്ക്രിയേറ്റീവ്സ്. ക്രിസ്തീയ ഭക്തിഗാനരംഗത്തെ വിവിധ മേഖലകളിൽ, ഇതിനോടകം തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുളള പ്രഗത്ഭരായ അമ്പതോളം ഗായകരും, ഗാനരചയിതാക്കളും, സംഗീതസംവിധായകരും, വാദ്യസംഗീതജ്ഞരും, ലോകത്തിലെ വിവിധ രാജ്യങ്ങളിലായിരിന്നുകൊണ്ട് അണിയിച്ചൊരുക്കിയ കൂട്ടായ്മയുടെ ഈ സൃഷ്ടിയിൽ, എഴുത്ത്-ശബ്ദമിശ്രണം-ആനിമേഷൻ തുടങ്ങിയ മേഖലയിലെ ഇരുപതോളം കലാകാരന്മാരും ഭാഗഭാക്കായിട്ടുണ്ട്. കൊറോണക്കാലത്ത് തങ്ങളുടെ വീടുകളിൽ ലോക്ക്ഡൗണായ ഈ കലാകാരന്മാർ, സോഷ്യൽ മീഡിയായുടെ അനന്ത സാധ്യതകളുപയോഗിച്ചുകൊണ്ടാണ് ഈ ഗാനാജ്ഞലി സാക്ഷാത്കരിച്ചിരിക്കുന്നത്.

ക്രിസ്തീയ ഭക്തി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ജിജോ പാലോടിൻറെ തൂലികയിൽ പിറവിയെടുത്ത പ്രസ്തുത ഗാനത്തിലെ വരികൾക്ക്, ഫാ നെൽസൺ ഡിസിൽവ ഒ.എസ്.ജെ, ഹൃദ്യമായ സംഗീതം നല്കിയിരിക്കുന്നു. ഷാജി ജൂഷ ജേക്കബ് ശബ്ദമിശ്രണവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ച ഈ ഗാനം, കീബോർഡ് പ്രോഗ്രാമിങ്ങിലൂടെ ബോൾഷോയി കൂടുതൽ ഇമ്പകരമാക്കിയിട്ടുണ്ട്. കരുണാമയനേ കനിവിന്നുറവേ...എന്ന് തുടങ്ങുന്ന ലോകത്തിന് കരുതലും കാവലുമേകുന്ന ഗാനം, വാട്ട്സ്ആപ്പ്-ഫേസ്ബുക്ക് സംഗീതസൗഹൃദകൂട്ടായ്മയായ കളർപ്ലസ് ക്രീയേറ്റീവ്സിൻറെ പ്രഥമസംരഭം കൂടിയാണ്. വിവിധമേഖലകളിലെ വ്യക്തികൾ ഒന്നുചേർന്ന്, അവരുടെ കഴിവുകൾ പങ്കുവെച്ച്, പരസ്പരം പ്രോത്സാഹിപ്പിച്ച്, ലോകത്തിന് ചിന്തോദ്ദീപകങ്ങളും മാർഗ്ഗദർശകങ്ങളുമായ സംഗീതസൃഷ്ടികളെ വാർത്തെടുക്കുക എന്നതാണ്, വിവിധ വർണ്ണങ്ങൾ, കുരിശാകൃതിയിൽ ഒരുമിച്ചു കൂടുന്ന രീതിയിൽ ലോഗോയുളള ഈ ഗ്രൂപ്പിൻരെ സ്ഥാപക ആശയം. കൊറോണയുടെ കരാളഹസ്തങ്ങളിൽ അകപ്പെടുകയും, ലോക്ക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടുപോകുകയും വേദനിക്കുകയും ചെയ്യുന്ന അനേകം ഹൃദയങ്ങൾക്ക്, ഫാ. ജിബു ജെ ജാജിന്റെ നേതൃത്വത്തിൽ ഫാ. സനോജിൻറെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ ഈ പ്രാർത്ഥനാജ്ഞലി ആശ്വാസവും പ്രത്യാശയും നല്‍കുമെന്നാണ് പ്രതീക്ഷ. കൊറോണാക്കാലത്ത് ഒരുമയോടും വിശ്വാസത്തോടുകൂടിയും പ്രാർത്ഥിക്കാനുതകുന്ന ഒരു ക്രിസ്തീയഭക്തിഗാനം സമ്മാനിക്കുക എന്ന പൊതു ആഗ്രഹത്തിൻറെയും കൂട്ടായ പരിശ്രമത്തിൻറെയും സാക്ഷാത്കാരം കൂടിയാണിത്.

Posted by Pravachaka Sabdam on 

More Archives >>

Page 1 of 15