News - 2024

ദേവാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 20 എംപിമാരുടെ കത്ത്

പ്രവാചക ശബ്ദം 27-05-2020 - Wednesday

ലണ്ടന്‍: വ്യക്തിപരമായ പ്രാർത്ഥനയ്ക്കും വിവാഹ ജ്ഞാനസ്നാന മൃതസംസ്കാര ചടങ്ങുകൾക്കുമായി ജൂൺ മാസം മുതൽ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരുപതു ബ്രിട്ടീഷ് എംപിമാർ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് കത്തുനൽകി. കൺസർവേറ്റീവ് പാർട്ടി അംഗമായ പീറ്റർ ബോട്ടംലേയുടെ നേതൃത്വത്തിലുളള എംപിമാരുടെ സംഘമാണ് ദേവാലയങ്ങൾ തുറന്നു കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. സൂപ്പർമാർക്കറ്റുകൾ പോലും തുറന്നു പ്രവർത്തിക്കുമ്പോൾ വ്യക്തിപരമായി പോലും ദേവാലയങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതിന്റെ യുക്തിരാഹിത്യം എം‌പിമാര്‍ തങ്ങളുടെ കത്തിൽ ചൂണ്ടിക്കാട്ടി.

മാമോദിസ അടക്കമുള്ള ചടങ്ങുകൾ സുരക്ഷിതമായി നടത്താൻ അവസരം ഒരുക്കണം. ജനങ്ങളുടെ ന്യായമായ ആവശ്യത്തിനു വേണ്ടി ശബ്ദമുയർത്തണമെന്ന് ഒരു കത്തോലിക്കാ വൈദികൻ തങ്ങളോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് എംപിമാർ പറഞ്ഞു. രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കാൻ എളുപ്പമാണെന്നും, ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കാമെന്നും പ്രസ്തുത വൈദികൻ പറഞ്ഞതായി അവർ ചൂണ്ടിക്കാട്ടി. അതേസമയം പബുകൾക്കും, സിനിമാ തിയേറ്ററുകൾക്കും ഒപ്പം ജൂലൈ നാലാം തീയതി മുതൽ ദേവാലയങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകാമെന്നാണ് ഇപ്പോഴത്തെ സർക്കാർ നിലപാട്.

ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ട് മെയ് പതിനൊന്നാം തീയതി ബ്രിട്ടനിലെയും വെയിൽസിലെയും കത്തോലിക്ക മെത്രാൻ സമിതി രംഗത്ത് ഇറങ്ങിയിരുന്നു. വ്യക്തിപരമായി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ദേവാലയങ്ങൾ തുറന്നു കൊടുക്കുന്നതിനെ സംബന്ധിച്ച് ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള രൂപരേഖ സർക്കാരിന് വളരെ മുൻപേ തന്നെ സമർപ്പിച്ചു കഴിഞ്ഞുവെന്നും മെത്രാൻ സമിതി വിശദീകരിച്ചു. സൂപ്പർ മാർക്കറ്റുകളും, കടകളും, മുസ്ലിം പള്ളികളുമടക്കം തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് പോർട്ട്സ്മൗത്ത് ബിഷപ്പ് ഫിലിപ്പ് ഈഗൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »