News - 2024

ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്: പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, പ്രവാചക ശബ്ദത്തില്‍ തത്സമയം

സ്വന്തം ലേഖകന്‍ 30-05-2020 - Saturday

വത്തിക്കാന്‍ സിറ്റി: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഇന്നു ശനിയാഴ്ച വിശേഷാല്‍ ജപമാല അര്‍പ്പണം നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക്) ആണ് ജപമാല അര്‍പ്പണം നടക്കുക. ഈ സമയം ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ഈ സമയം പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്‍ ആഗോള വിശ്വാസി സമൂഹത്തോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് വിശ്വാസീസമൂഹത്തെ ജപമാലയിൽ അണിചേരാൻ വത്തിക്കാൻ ക്ഷണിച്ചത്:

"മേയ് 30 ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.30നാണ് വത്തിക്കാൻ തോട്ടത്തിലെ ലൂർദുനാഥയുടെ ഗ്രോട്ടോയിൽ ജപമാല ചൊല്ലിക്കൊണ്ട് മഹാമാരിയിൽനിന്ന് ലോകത്തെ രക്ഷിക്കുന്നതിനുവേണ്ടി പാപ്പ കന്യകാനാഥയുടെ മാധ്യസ്ഥം പ്രാർത്ഥിക്കുന്നത്. തത്സമയ സംപ്രേഷണത്തിലൂടെ കണ്ണിചേർന്ന് പാപ്പയുടെ പ്രാർത്ഥനയിൽ പങ്കുചേരാൻ സകലരെയും ക്ഷണിക്കുന്നു"- എന്നായിരിന്നു സന്ദേശം. പാപ്പയുടെ ജപമാല അര്‍പ്പണത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാക്കുന്നുണ്ട്.

➤ യൂട്യൂബ് ചാനല്‍ ലിങ്ക്: https://www.youtube.com/c/PravachakaSabdam

➤ ഫേസ്ബുക്ക് പേജ് ലിങ്ക്: https://www.facebook.com/pravachakasabdam

കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കേന്ദ്രമാണ് വത്തിക്കാൻ തോട്ടത്തിലെ ലൂർദുനാഥയുടെ ഗ്രോട്ടോ. 1902-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പയാണ് ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ മാതൃക തോട്ടത്തില്‍ പണിയണമെന്ന ആഗ്രഹം പ്രകടമാക്കിയത്. ഇതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു അമലോത്ഭവനാഥയുടെ മിഷ്ണറിമാര്‍ എന്ന സഖ്യമാണ് മുന്‍കൈ എടുത്തത്. 1905-ല്‍ പിയൂസ് പത്താമന്‍ പാപ്പ ഗ്രോട്ടോ വീണ്ടും നവീകരിച്ച് അമലോത്ഭവനാഥയ്ക്കു പ്രതിഷ്ഠിച്ചത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരിന്നു. ഇതോടെ മരിയന്‍ ഗ്രോട്ടോകള്‍ ലോകമെമ്പാടും പ്രചരിച്ചു.

എവിടെയും ദേവാലയങ്ങളോടു ചേര്‍ന്നും, സെമിനാരികളിലും, സ്ഥാപനങ്ങളിലും ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ ചെറിയ പതിപ്പുകള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി. സഭാദ്ധ്യക്ഷന്മാരായ പാപ്പമാര്‍ വത്തിക്കാന്‍ തോട്ടത്തിലെ ഗ്രോട്ടോയില്‍ പ്രാര്‍ത്ഥിക്കുന്നത് അന്നുമുതല്‍ പതിവാണ്. മെയ് മാസ വണക്കത്തിന്‍റെ അവസാന ദിവസം അവിടെ ദിവ്യബലി അര്‍പ്പിക്കുന്നതും, സാഘോഷമായി ജപമാല വിശ്വാസികള്‍ക്കൊപ്പം ചൊല്ലുകയും കന്യകാംബികയുടെ മാധ്യസ്ഥ്യം തേടുകയും ചെയ്യുന്നതും ഇന്നും തുടരുകയാണ്.

പാപ്പയോടൊപ്പം ഇന്ന് വിശേഷാല്‍ ജപമാല ചൊല്ലി ലോകം മുഴുവനും വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »