News - 2024

യുഎസില്‍ കത്തോലിക്ക സന്യാസിനികളുടെ പുസ്തകശാല കൊള്ളയടിച്ചു: നിരവധി ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം

പ്രവാചക ശബ്ദം 02-06-2020 - Tuesday

ന്യൂയോർക്ക്: ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ തീവ്ര ഇടതു സംഘടനകൾ അഴിച്ചുവിട്ട ആക്രമണത്തിന് നിരവധി കത്തോലിക്ക ദേവാലയങ്ങളും സ്ഥാപനങ്ങളും ഇരയായി. അമേരിക്കയിലെ ചിക്കാഗോയിലുളള ഡോട്ടേഴ്സ് ഔഫ് സെന്റ് പോൾ സന്യാസിനി സമൂഹത്തിന്റെ പുസ്തകശാല കലാപകാരികൾ കൊള്ളയടിച്ചു. പുസ്തകങ്ങൾ ഒന്നും അക്രമികൾ കൊണ്ടു പോയില്ലെങ്കിലും അവിടെ സൂക്ഷിച്ചിരുന്ന പണം കലാപകാരികൾ കവർന്നു. പന്തക്കുസ്ത തിരുനാൾ ദിനമായ ഞായറാഴ്ച പുലർച്ചെയാണ് കലാപകാരികൾ കടയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയത്.

സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ ആനിയാണ് ബ്ലോഗിലൂടെ ഈ വിവരങ്ങൾ ലോകത്തെ അറിയിച്ചത്. തങ്ങൾ നടത്തിയ തെരച്ചിലിൽ ഒരു പുസ്തകം പോലും അക്രമകാരികൾ കൊണ്ടു പോയില്ലന്ന് മനസ്സിലാക്കാൻ സാധിച്ചതായി സിസ്റ്റർ ആനി കുറിച്ചു. കലാപകാരികൾ പണം മാത്രമേ കൊണ്ടു പോയിട്ടുള്ളൂ എന്ന് പിന്നീട് സിസ്റ്റർ ആനി ചർച്ച് പോപ്പ് എന്ന മാധ്യമത്തോട് വെളിപ്പെടുത്തി.

അതേസമയം പ്രക്ഷോഭത്തെ മറയാക്കി രാജ്യത്തെ ആറു സംസ്ഥാനങളിലെ നിരവധി കത്തോലിക്കാ ദേവാലയങ്ങള്‍ അക്രമത്തിന് ഇരയായി. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, മിന്നെസോട്ട, ടെക്‌സാസ്, കോളോറാഡോ, കെന്റക്കി എന്നിവിടങ്ങളിലെ ദേവാലയങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചില ദേവാലയങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് അശ്ളീല പദങ്ങളും മതവിരുദ്ധ സന്ദേശങ്ങളുമാണ് അക്രമികൾ കുറിച്ചിരിക്കുന്നത്. പ്രക്ഷോഭത്തെ മറയാക്കിയുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »