News
വിശുദ്ധ ജോൺ പോൾ പാപ്പയുടെ തീർത്ഥാടന കേന്ദ്രത്തിൽ ട്രംപിന്റെ പ്രാര്‍ത്ഥന: വിമര്‍ശനവുമായി വാഷിംഗ്ടൺ ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 03-06-2020 - Wednesday
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഭാര്യ മെലാനിയ ട്രംപും ഇന്നലെ വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ നാമധേയത്തിലുള്ള വാഷിംഗ്ടൺ ഡിസിയിലെ തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു പ്രാര്‍ത്ഥിച്ചു. മുട്ടിന്‍മേല്‍ നിന്നു ഇരുവരും പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കാനായുളള ഉത്തരവിൽ പ്രസിഡന്‍റ് ഒപ്പുവെച്ചു. അമേരിക്കയുടെ വിദേശ നയത്തിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രഥമ സ്ഥാനം നൽകുമെന്ന് ഉത്തരവിൽ സൂചിപ്പിച്ച അദ്ദേഹം മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി മറ്റുള്ള രാജ്യങ്ങളിലെ സംഘടനകളുമായും സഹകരിക്കാമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടര്‍ന്നു അമേരിക്കയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച ട്രംപിന്റെ നടപടി വിവാദത്തിലായി. പ്രസിഡന്റിന്റെ സന്ദർശനത്തിൽ വിമര്‍ശനവുമായി വാഷിംഗ്ടൺ ആർച്ച് ബിഷപ്പായ വിൽട്ടൺ ഗ്രിഗറി പ്രസ്താവന തന്നെ പുറത്തിറക്കിയിരിന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരിന്നുവെന്നും ട്രംപിന്റെ തീര്‍ത്ഥാടനകേന്ദ്ര സന്ദര്‍ശനം നിന്ദ്യമാണെന്നുമായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉത്തരവിൽ ഒപ്പിടുന്നതിനു വേണ്ടി വളരെ നേരത്തെ നിശ്ചയിച്ച പ്രകാരമാണ് ട്രംപ് വിശുദ്ധ ജോൺ പോൾ മാർപാപ്പയുടെ നാമധേയത്തിലുള്ള തീർത്ഥാടനകേന്ദ്രം സന്ദർശിച്ചതെന്ന് തീർത്ഥാടന കേന്ദ്രത്തിന്റെ വക്താവ് വ്യക്തമാക്കി.
ട്രംപ് തീർത്ഥാടനകേന്ദ്രം സന്ദർശിക്കാൻ തെരഞ്ഞെടുത്ത സമയം നല്ലതായിരുന്നില്ലെന്നും, എന്നാൽ അന്താരാഷ്ട്രതലത്തിൽ മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും പശ്ചിമേഷ്യയിലെ മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഫിലോസ് പ്രോജക്റ്റിന്റെ അധ്യക്ഷൻ റിച്ചാർഡ് നോബിൾസൺ പ്രതികരിച്ചു. തീർത്ഥാടന കേന്ദ്രത്തിൽവെച്ചല്ല മറിച്ച്, അതിനുശേഷമാണ് പ്രസിഡന്റ് ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത്. നമുക്ക് കുറച്ച് അല്ല, മറിച്ച് കൂടുതൽ ദൈവ വിശ്വാസം വേണ്ട സമയമാണിതെന്നും ദൈവ വിശ്വാസം ഇല്ലെങ്കിൽ മനുഷ്യൻ- വർഗ്ഗത്തെയും, പ്രദേശത്തെയും ദൈവമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ മൂല്യച്യുതി സംഭവിച്ചതിന്റെ അനന്തരഫലമാണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നതെന്നും നോബിൾസൺ കൂട്ടിച്ചേർത്തു.
വിവാദങ്ങള്‍ക്കിടെ ട്രംപ് ഒപ്പുവെച്ച മതസ്വാതന്ത്ര്യം സംരക്ഷിക്കാനായുളള ഉത്തരവ് വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വിവിധ രാജ്യങ്ങളിൽ പീഡനം സഹിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി 50 മില്യൺ ഡോളർ സഹായം അദ്ദേഹം പ്രഖ്യാപിച്ചു. മതപീഡനം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ വർഷം സെപ്തംബർ മാസം ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ലോക രാജ്യങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. പ്രസ്തുത പ്രസംഗത്തിന്റെ തുടർ നടപടിയെന്നോണമാണ് ഇപ്പോൾ മതസ്വാതന്ത്ര്യ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പിട്ടതെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക