News - 2024

ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി: വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ ആശങ്ക ബാക്കി

പ്രവാചക ശബ്ദം 04-06-2020 - Thursday

ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതോടെ ദേവാലയങ്ങള്‍ ഉപാധികളോടെ തുറക്കാനുള്ള എല്ലാ സാധ്യതയും കൈവന്നിരിക്കുകയാണ്. അതേസമയം പ്രസാദം/ തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല എന്ന കേന്ദ്ര മാര്‍ഗ്ഗ നിര്‍ദേശം വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് വിലങ്ങു തടിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത കൈവരുമെന്നാണ് വിലയിരുത്തുന്നത്.

കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. ആരാധനാലയത്തിലെ രൂപത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പര്‍ശിക്കുവാന്‍ പാടില്ല.

2. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല

3. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല

4. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം.

5. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്

6. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ

7. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്

8. ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം

9. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായാണ് വയ്‌ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.

10. ക്യുവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം

11. ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം

12. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം

വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

13. പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകള്‍ അനുവദിക്കരുത്.

14. ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.

15. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം

16. അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്.

മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »