News - 2024
യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ സ്ഥലത്തെ ഗവേഷണങ്ങള്‍ നിര്‍ത്തിവെച്ചു
പ്രവാചക ശബ്ദം 05-06-2020 - Friday
ഗലീലി: യേശു ക്രിസ്തു അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച സ്ഥലത്തു നടത്തിക്കൊണ്ടിരിന്ന പുരാവസ്തു ഗവേഷണം ഗലീലി കടലില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചു. ക്രിസ്തു ശിഷ്യന്‍മാരായ പത്രോസിന്റേയും, അന്ത്രയോസിന്റേയും, ഫിലിപ്പിന്റേയും ജന്മദേശമായ ബെത്സെയിദയ്ക്കു സമീപമാണ് യേശു അഞ്ചപ്പവും രണ്ടും മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയതും അന്ധന് കാഴ്ച നല്‍കിയതും. നൂറ്റാണ്ടുകളായി ഈ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിന്റെ യഥാര്‍ത്ഥ സ്ഥാനം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.
ഗലീലി കടലിന്റെ വടക്കന്‍ തീരദേശ മേഖലയായ എല്‍-അരാജിലാണ് ഈ പട്ടണം സ്ഥിതിചെയ്തിരുന്നുവെന്നതിന്റെ തെളിവുകള്‍ കണ്ടെത്തുവാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകര്‍. ഈ ശ്രമമാണ് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. ഈ വര്‍ഷം ഉത്ഖനനം പുനാരാരംഭിക്കുവാന്‍ കഴിയുകയില്ലെന്നാണ് കിന്നെരെറ്റ് കോളേജിലെ മുഖ്യ പുരാവസ്തു ഗവേഷകനായ പ്രൊഫസ്സര്‍ മോട്ടി അവിയം പറയുന്നത്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് തടാകം കരകവിഞ്ഞൊഴുകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ നിന്നും കണ്ടെത്തിയ അപ്പസ്തോലന്‍മാരുടെ ദേവാലയമെന്ന പുരാതന ബൈസന്റൈന്‍ ദേവാലയത്തിലെ മൊസൈക്ക് തറയും വെള്ളത്തിനടിയിലാണ്.
എറ്റ്-ടെല്‍ എന്നറിയപ്പെടുന്ന മറ്റൊരു മേഖലയിലായിരുന്ന ബെത്സയിദ എന്നൊരു അഭിപ്രായവും പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എറ്റ്-ടെല്‍ സമുദ്ര തീരത്തു നിന്നും രണ്ടുകിലോമീറ്ററോളം ഉള്ളില്‍ സ്ഥിതി ചെയ്യുന്നതിനാലും എല്‍-അരാജ് സമുദ്രതീരത്ത് തന്നെയാണെന്നതും കണക്കിലെടുത്താല്‍ മത്സ്യബന്ധന ഗ്രാമമായിരിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ളത് എല്‍-അരാജാണെന്നാണ് പ്രൊഫസര്‍ അവിയമിന്റെ നിരീക്ഷണം. ജോര്‍ദ്ദാന്‍ നദി ഗലീലി കടലില്‍ പ്രവേശിക്കുന്നിടത്താണ് ബെത്സയിദ പട്ടണമെന്ന റോമന്‍ ചരിത്രകാരന്‍ ടൈറ്റസ് ഫ്ലാവിയൂസ് ജോസഫിന്റെ അഭിപ്രായത്തോട് കൂടുതല്‍ നീതിപുലര്‍ത്തുന്നതും എല്‍-അരാജാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറാം നൂറ്റാണ്ടിന് ശേഷമാണ് ബെത്സയിദ നിലനിന്നിരിന്ന സ്ഥലം തിരിച്ചറിയുന്നതും അപ്പസ്തോലന്‍മാരുടെ ഓര്‍മ്മയ്ക്കായി ഒരു ദേവാലയം പണിയുന്നതുമെന്നാണ് പ്രൊഫസ്സര്‍ അവിയം പറയുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക