News

ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ഇസ്ലാമിക ആരാധനയ്ക്കായി വിട്ടുകൊടുക്കാൻ തുര്‍ക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പ്രവാചക ശബ്ദം 08-06-2020 - Monday

ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര പ്രശസ്ത ക്രിസ്ത്യൻ ദേവാലയമായ ഹാഗിയ സോഫിയ ഇസ്ലാമിക ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ചു വിവിധ സർക്കാർ നേതൃപദവികളിൽ ഉള്ളവർക്ക് നിർദേശം നൽകിയെന്നാണ് ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്. ബൈസന്റൈൻ ദേവാലയമായിരുന്ന ഹാഗിയ സോഫിയ ഇപ്പോൾ ഒരു മ്യൂസിയമായാണ് നിലകൊള്ളുന്നത്. എ.കെ.പി എന്ന തന്റെ പാർട്ടിയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിക്കാഴ്ചയിൽ തയിബ് എർദോഗൻ ഈ വിഷയം ചർച്ചയ്ക്ക് എടുത്തതായി ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മ്യൂസിയമായി നിലനിർത്തിക്കൊണ്ടുതന്നെ ദേവാലയത്തെ ഇസ്ലാമിക ആരാധനയ്ക്കായി വിട്ടുകൊടുക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്താനാണ് കൂടിക്കാഴ്ചയിൽ തീരുമാനമായിരിക്കുന്നത്. ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതിന്റെ 567മത് വാർഷികാഘോഷങ്ങൾ ക്രൈസ്തവ ദേവാലയത്തിനുള്ളിൽ ഖുർആൻ വായിച്ചുകൊണ്ട് എർദോഗൻ സർക്കാർ ആഘോഷിച്ചത് വൻവിവാദമായിരുന്നു. ഗ്രീസിലെ സർക്കാരടക്കം ശക്തമായ ഭാഷയിൽ ഇതിനെ വിമർശിച്ചു രംഗത്തുവന്നു. ആറാം നൂറ്റാണ്ടിൽ (എ.ഡി 537 ) നിർമ്മിച്ച ഈ കെട്ടിടം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസന്‍റൈൻ നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. സമീപകാലത്തായി നിരവധി ഇസ്ലാമിക സംഘടനകൾ ദേവാലയത്തിൽ പ്രാർത്ഥിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.

2013ൽ തുർക്കി ഉപപ്രധാനമന്ത്രി ബുളന്റ് ആർണിക്ക് ഇസ്ലാമിക പ്രാർത്ഥനകൾക്കായി ദേവാലയം വിട്ടു നൽകാൻ സാധ്യതയുള്ളതായി പറഞ്ഞിരുന്നു. 2014ൽ സൗദി ഇമാമായ അബ്ദുല്ല ബസ്ഭറും ഇതേ ആവശ്യം ഉന്നയിച്ച് തെരുവിൽ കൂട്ടപ്രാർത്ഥന സംഘടിപ്പിച്ചു. എന്നാൽ 2018ൽ ദേവാലയം മുസ്ലിം പ്രാർത്ഥനയ്ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ചരിത്ര സ്മാരകങ്ങൾക്ക് വേണ്ടിയുള്ള തുർകിഷ് യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ വാദം തള്ളിക്കളയുകയായിരുന്നു. അപേക്ഷാഫോമിലെ ന്യൂനത ചൂണ്ടിക്കാട്ടിയാണ് കോടതി അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. തീവ്ര ഇസ്ലാമിക നിലപാടുള്ള തയിബ് എർദോഗൻ നിലപാട് പ്രവര്‍ത്തികമാക്കിയാല്‍ ഹാഗിയ ദേവാലയം മോസ്ക്ക് ആയി തന്നെ മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »