News - 2024

കൊറോണക്ക് നടുവിലുള്ള ഭ്രൂണഹത്യ പ്രചരണത്തിനെതിരെ ബ്രസീലിയൻ ഭരണകൂടം

പ്രവാചക ശബ്ദം 08-06-2020 - Monday

സാവോ പോളോ: കൊറോണ കാലത്ത്, ഭ്രൂണഹത്യയെ അവശ്യ സർവീസായി കണക്കാക്കണമെന്ന പേരില്‍ പ്രചരിക്കുന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ വിമര്‍ശനവുമായി ബ്രസീലിയൻ പ്രസിഡന്റ് ജയിർ ബോൾസോനാരോ. ഉത്തരവ് സാമൂഹ്യ മാധ്യമങ്ങളടക്കം വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. തന്റെ അറിവോടെയല്ല പ്രസ്തുത ഉത്തരവ് പുറത്ത് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ മൂന്നാം തീയതി ബുധനാഴ്ച ട്വിറ്ററിലൂടെയാണ് തന്റെയും ബ്രസീലിയൻ സർക്കാരിന്റേയും ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

ആരോഗ്യ വകുപ്പ് മന്ത്രി എഡ്വേർഡോ പാസ്‌വേല്ലോയുടെ ഒപ്പില്ലാത്ത ഉത്തരവാണ് വ്യാപകമായി പ്രചരിച്ചത്. കാബിനറ്റിൽ ചർച്ചയ്ക്കുപോലും എടുക്കാത്ത കാര്യമാണ് ഉത്തരവിൽ ഉള്ളതെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ഭ്രൂണഹത്യയെ ശക്തമായി എതിർക്കുന്ന ആളാണ് പ്രസിഡന്റ് ബോൾസോനാരോയെന്നും എഡ്വേർഡോ പറഞ്ഞു. ജീവനും കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർലമെന്ററി സമിതി ഉത്തരവിനെതിരെ ശക്തമായ ഭാഷയിൽ തന്നെ അപലപിച്ചു.

ഉത്തരവ് ഉടൻ തന്നെ റദ്ദ് ചെയ്യുമെന്ന് സമിതിയംഗങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യാതൊരുവിധ ചർച്ചകളുടേയും അടിസ്ഥാനമില്ലാതെ പുറത്തിറങ്ങിയ ഉത്തരവിന് നിയമപരമായ ഒരു സാധുതയുമില്ലെന്ന് ആരോഗ്യ മന്ത്രാലയം കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ കരടുരേഖ തയ്യാറാക്കിയതിനെതിരെ ഇതിനോടകം തന്നെ തക്കതായ നടപടി എടുത്തതായും മന്ത്രാലയം വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »