India - 2025
ദേവാലയങ്ങളിലെ ജനപങ്കാളിത്തം: രൂപതകളുടെ തീരുമാനം | ഭാഗം 02
ദീപിക 09-06-2020 - Tuesday
കോട്ടയം അതിരൂപത
അതിരൂപതയില്‍ പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന ജനപങ്കാളിത്തത്തോടെ ഇന്നു തുടങ്ങുമെന്നു രൂപതാകേന്ദ്രം അറിയിച്ചു. ഓരോ ഇടവകയിലും സാഹചര്യമനുസരിച്ച് ഉചിത തീരുനമെടുക്കാം. പ്രായപരിധി, സാമൂഹിക അകലം എന്നിവ കര്‍ക്കശം. പുറത്തുനിന്ന് അടുത്തയിടെ എത്തിയവരും കുടുംബാംഗങ്ങളും എത്തുന്നതു നിരുത്സാഹപ്പെടുത്തണം.
പാലാ രൂപത
സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാവുന്ന ഇടവകകളില്‍ മാത്രമേ പങ്കാളിത്ത തിരുക്കര്‍മങ്ങള്‍ നടത്താവൂയെന്നു പാലാ രൂപത. നിര്‍ദേശങ്ങള്‍ ഇങ്ങനെ: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടനകേന്ദ്രത്തിലും മറ്റുതീര്‍ഥാടന കേന്ദ്രങ്ങളിലും കുരിശുപള്ളികളിലും പൊതു തിരുക്കര്‍മങ്ങള്‍ ഉണ്ടാകില്ല. അന്യസംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും എത്തി ക്വാറന്റൈനിലുള്ളവരും ഇടപഴകുന്നവരും പാടില്ല. താപനില പരിശോധന നിര്‍ബന്ധം. സാനിറ്റൈസര്‍/സോപ്പ്, വെളളം തുടങ്ങിയവ ക്രമീകരിക്കണം. ദൈവാലയത്തിന് അകത്തും പുറത്തും അകലം പാലിക്കണം.
പ്രായപരിധി പാലിക്കണം. രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പങ്കെടുക്കരുത്. മാസ്‌ക് നിര്‍ബന്ധം. വാതിലുകളും ജനലുകളും തുറന്നിടണം. പുസ്തകങ്ങള്‍ പൊതുവായി നല്‌ക്കേണ്ടതില്ല. തിരുസ്വരൂപങ്ങള്‍, തിരുവസ്തുക്കള്‍ എന്നിവ ചുംബിക്കാനോ തൊട്ടുവണങ്ങാനോ പാടില്ല. ഹന്നാന്‍ വെളളം സൂക്ഷിക്കേണ്ടതില്ല. ഞായറാഴ്ചകളിലും വിശേഷാല്‍ ദിവസങ്ങളിലും നാലു കുര്‍ബാനകള്‍ വരെ അര്‍പ്പിക്കാം. ഗായകസംഘ നേതൃത്വം ആവശ്യമില്ല. സ്‌തോത്ര കാഴ്ച അറിയിപ്പ് ലഭിച്ച ശേഷമേ നടത്താവൂ. പൊതുയോഗം, കുടുംബകൂട്ടായ്മ, തിരുനാള്‍, നേര്‍ച്ചകള്‍ പാടില്ല.
കോതമംഗലം രൂപത
രൂപതയില്‍ ഓരോ ഇടവകയിലെയും സാഹചര്യമനുസരിച്ചു ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചും തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ഫൊറോന വികാരിമാരുടെയും രൂപതാ കണ്സില്‍ട്ടേഴ്‌സിന്റെയും സംയുക്തയോഗമാണു തീരുമാനമെടുത്തത്. രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ പള്ളികള്‍ തുറക്കേണ്ടതില്ല. തിരുക്കര്‍മങ്ങള്‍ പുനരാരംഭിച്ചശേഷം വൈറസ് വ്യാപന സാധ്യത ബോധ്യപ്പെട്ടാല്‍ നിറുത്തിവയ്‌ക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു.
വരാപ്പുഴ അതിരൂപത
അതിരൂപതയില്‍ ഇന്നുമുതല്‍ തുറക്കുന്ന ദേവാലയങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. തുറക്കുന്ന പള്ളികളിലെ ദിവ്യബലിയില്‍ അതതു ദിവസം നിയോഗമുള്ള കുടുംബങ്ങള്‍ മാത്രമാണു പങ്കെടുക്കേണ്ടത്. കണ്ടെയ്‌്റ്കമെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള പള്ളികള്‍ തുറക്കരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. തുറക്കുന്ന ദേവാലയങ്ങളും പരിസരങ്ങളും ഇന്നലെ ശുചീകരിച്ചു.
വിജയപുരം രൂപത
രൂപതയിലെ ദൈവാലയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ച് ഇന്നു മുതല്‍ തിരുക്കര്‍മങ്ങള്‍ തുടങ്ങും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കാത്ത ഇടവകകള്‍ക്ക് ഇതുവരെ പാലിച്ച രീതി തുടരാം. വെള്ളിയാഴ്ച സായാഹ്നം മുതല്‍ തിങ്കളാഴ്ച സായാഹ്നം വരെ കാലയളവില്‍ ദിവ്യബലിയില്‍ സംബന്ധിക്കുന്നതു ഞായറാഴ്ച കടം നിര്‍വഹിക്കപ്പെടുന്നതായി കണക്കാക്കും. ഇതിനായി കുടുംബ യൂണിറ്റ് അടിസ്ഥാനത്തില്‍ കുടുംബങ്ങളെ ഇടവക വികാരിമാര്‍ അറിയിക്കുമെന്നും രൂപതാ കേന്ദ്രം അറിയിച്ചു.
മാര്‍ത്തോമ്മാ സഭ ദേവാലയങ്ങള്‍ ഉടന്‍ തുറക്കില്ല
മാര്‍ത്തോമ്മാ സഭയുടെ ദേവാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്നു സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളോടെ ആരാധന നടത്താനുള്ള പ്രായോഗിക വൈഷമ്യം ചൂണ്ടിക്കാട്ടിയാണ് സഭ ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതെന്നു മെത്രാപ്പോലീത്ത സഭാംഗങ്ങള്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. സാഹചര്യങ്ങള്‍ മാറിവരുന്നതു വരെ നിലവിലെ സ്ഥിതി തുടരും.
65 വയസിനുമേല്‍ പ്രായമുള്ളവരെയും 10 വയസില്‍ താഴെയുള്ളവരെയും ചേര്‍ത്തുകൊണ്ടുള്ളതാണ് സഭയുടെ പൊതുആരാധന. ഇവരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ആരാധന അഭിലഷണീയവുമല്ല. ഇതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ ഓണ്‍ലൈനിലൂടെ കര്‍മങ്ങള്‍ സംപ്രേഷണം ചെയ്യുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.