News

250 കുരിശുകൾ നീക്കം ചെയ്തു: ചൈനീസ് സർക്കാരിന്റെ മതവിരുദ്ധത തീവ്രമാകുന്നു

പ്രവാചക ശബ്ദം 10-06-2020 - Wednesday

അൻഹൂയി (ചൈന): ചൈനീസ് പ്രവിശ്യയായ അൻഹൂയിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും ഇരുനൂറ്റിഅന്‍പതോളം കുരിശുകൾ സർക്കാർ ഈ വർഷം നീക്കം ചെയ്തതായി റിപ്പോർട്ട്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ കുരിശുകൾ നീക്കം ചെയ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ബിറ്റർ വിന്ററാണ് പുറത്ത് വിട്ടത്. സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന ദേവാലയങ്ങളിൽ നിന്നാണ് കുരിശുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ത്രീ സെൽഫ് ചർച്ചസ് എന്ന പ്രൊട്ടസ്റ്റൻറ് സംഘടനയുടെ ഭാഗമാണ് ഈ ദേവാലയങ്ങളെല്ലാം.

ഏപ്രിൽ ഒന്നാം തീയതി അൻഹൂയി പ്രവിശ്യയിലെ ഫുയാങ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഗുലു ദേവാലയത്തിന്റെ കുരിശുകൾ നീക്കം ചെയ്യാൻ 10 സർക്കാർ ഉദ്യോഗസ്ഥരാണ് എത്തിയത്. നൂറോളം ക്രൈസ്തവർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 124 വർഷം പഴക്കമുള്ളതാണ് ഗുലു ദേവാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ക്രൈസ്തവ, ബുദ്ധമത ചിഹ്നങ്ങളും നീക്കംചെയ്യണമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേവാലയ നേതൃത്വം വെളിപ്പെടുത്തി. എന്തെങ്കിലും തെറ്റ് ചെയ്തിരുന്നുവെങ്കിൽ സർക്കാരുമായി ചർച്ച നടത്താമായിരുന്നുവെന്നും, എന്നാൽ അങ്ങനെ ഒന്നും ചെയ്യാതെ സർക്കാർ തങ്ങളെ പീഡിപ്പിക്കുന്നത് ന്യായമായ കാര്യമല്ലെന്നും സഭാനേതൃത്വം പറഞ്ഞു.

പ്രവിശ്യയിലെ ഒരു കൗണ്ടിയിൽ നിന്ന് മാത്രം 33 കുരിശുകളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. കുരിശുകൾക്ക് നീളവും വീതിയും അധികമാണ്, താഴേക്ക് പതിക്കുവാന്‍ സാധ്യതയുണ്ട് തുടങ്ങി നിരവധി യുക്തിരഹിത ആരോപണങ്ങള്‍ നിരത്തിയാണ് സർക്കാർ ഇതെല്ലാം ചെയ്യുന്നതെന്ന് ബിറ്റർവിന്റർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ക്രൈസ്തവ വിശ്വാസികൾ പുറത്തുനിന്നുള്ള ശക്തികളുമായി ചേർന്ന് ചൈനീസ് സർക്കാരിനെതിരെ പോരാടുമെന്ന ഭീതിയാണ് ഭരണകൂടത്തിന് ഉള്ളതെന്ന് ഒരു വിശ്വാസി ബിറ്റർവിന്ററിനോട് പറഞ്ഞു.

കുരിശുകൾ നീക്കം ചെയ്യാൻ സഹകരിക്കാത്തവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി മുദ്രകുത്തുന്നുവെന്നും വിശ്വാസം ഉപേക്ഷിക്കാൻ വലിയ സമ്മർദ്ധമുണ്ടെന്നും, എന്നാൽ തങ്ങൾ പിടിച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ ക്രൈസ്തവ വിശ്വാസികൾ പാർട്ടി നിയന്ത്രണത്തിലുള്ള ത്രീ സെൽഫ് ചർച്ചസിൽ ചേരണം, അതല്ലെങ്കിൽ ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനിൽ അംഗങ്ങളാകണം എന്ന നിയമമാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. ഉപാധികള്‍ക്ക് വിധേയമായി വിശ്വാസ ജീവിതം തുടരേണ്ടതിനാല്‍ ഭൂരിഭാഗം വിശ്വാസികളും സർക്കാർ അനുമതിയില്ലാത്ത രഹസ്യ ദേവാലയങ്ങളെയാണ് ആശ്രയിക്കുന്നത്.


Related Articles »