News - 2025

8 വര്‍ഷത്തെ പോരാട്ടത്തിന് ഒടുവില്‍ വിജയം: ജീവന്‍ ടിവി സ്ഥാപക ഡയറക്ടറെയും ചെയര്‍മാനെയും പുനഃസ്ഥാപിച്ച് കോടതി വിധി

13-06-2020 - Saturday

തൃശൂര്‍: ജീവന്‍ ടിവിയുടെ ചെയര്‍മാനായി തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ഡയറക്ടര്‍ ബോര്‍ഡംഗമായി സ്ഥാപക ഡയറക്ടറായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയെയും പുനഃസ്ഥാപിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് വിധി പ്രസ്താവിച്ചു. 2012 സെപ്റ്റംബറിനുശേഷം നിയമിതരായവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാന്‍ സാധ്യമല്ലെന്ന് കോടതി വിധിച്ചു. ജോസഫ് ചിലമ്പിക്കുന്നേല്‍ മാത്യു, ഗോപാലപിള്ള ഹരികുമാര്‍, മണ്ണത്താഴത്ത് ജയശങ്കര്‍, ജയകുമാര്‍ മാധവന്‍പിള്ള സരസ്വതി അമ്മ, ജോസ് മൂലയില്‍ ചെറിയാന്‍, ബിജു ജോര്‍ജ്, ജോസ് ജോസഫ്, തുളസീധരന്‍ നായര്‍ ഭാസ്‌കരന്‍, അമാനുള്ള ഹിദായത്തുള്ള, പ്രഫ. തോമസ് കരുണന്‍ തമ്പി എന്നിവര്‍ക്കാണു ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നഷ്ടമായത്.

ആര്‍ച്ച്ബിഷപ്പുമാര്‍ക്കു പുറമെ, ദിനേശ് നമ്പ്യാര്‍, എന്‍.എസ്. ജോസ്, പി.ജെ. ആന്റണി എന്നിവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാം. 2012 സെപ്റ്റംബര്‍ 29 വരെ ഉണ്ടായിരുന്ന കമ്പനി സെക്രട്ടറിയെയും ഓഡിറ്ററെയും കോടതി പുനഃസ്ഥാപിച്ചു. എട്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനുശേഷമാണു വിധിയുണ്ടായത്. ജീവന്‍ ടിവിയുടെ 2012 സെപ്റ്റംബര്‍ 29 മുതലുള്ള എല്ലാ ബോര്‍ഡ് യോഗങ്ങളും റദ്ദാക്കി. 2012 മാര്‍ച്ച് 31 ലെ തത്സ്ഥിതിയനുസരിച്ചുള്ള ഓഹരിയുടമകളെ നിലനിര്‍ത്തും. അതിനുശേഷമുള്ള ക്രയവിക്രയങ്ങള്‍ റദ്ദാക്കി.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ചട്ടം ലംഘിച്ച് ബേബി മാത്യു സോമതീരം ഓഹരികള്‍ ഏറ്റെടുത്തതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. 2012 ഒക്ടോബര്‍ 11, 23 തീയതികളിലെ ബോര്‍ഡ് യോഗങ്ങളും 2012 നവംബര്‍ 12ലെ അസാധാരണ പൊതുയോഗവും നിയമവിരുദ്ധവും അസാധുവും ആണെന്നു കോടതി പ്രഖ്യാപിച്ചു. ഈ യോഗങ്ങളില്‍ പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും അസാധുവായി. നിലവിലുള്ള നടത്തിപ്പുകാര്‍ക്ക് ഓഹരികള്‍ വിറ്റു പുറത്തുപോകാനുള്ള അവസരം ഒരുക്കാമെന്നും കോടതി നിര്‍ദേശിച്ചു.

1999ലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി ചെയര്‍മാനായി ജീവന്‍ ടെലികാസ്റ്റിംഗ് കോര്‍പറേഷന് രൂപംനല്‍കിയത്. പതിനായിരത്തോളം വ്യക്തികളുടെ ഓഹരികളും തൃശൂര്‍ അതിരൂപതയും മറ്റു രൂപതകളും ക്രൈസ്തവ സമൂഹങ്ങളും ശേഖരിച്ച തുകയുമായിരുന്നു മൂലധനം. പിന്നീട് ജീവന്‍ ടിവിയുടെ ലക്ഷ്യങ്ങളോടു ചേര്‍ന്നുനില്‍ക്കാമെന്ന് ഉറപ്പു നല്‍കിയ ഏതാനും പേരുടെ നിക്ഷേപവും സ്വീകരിച്ചു. അവരില്‍ ചിലര്‍ 'കുടുംബ ചാനല്‍' എന്ന ജീവന്‍ ടിവിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചു പ്രത്യേക ബോര്‍ഡ് യോഗവും അസാധാരണ ജനറല്‍ ബോഡിയും വിളിച്ചുകൂട്ടി ആര്‍ച്ച്ബിഷപ്പുമാരെ പുറത്താക്കിയിരുന്നു. ഈ നടപടികളാണ് കോടതി റദ്ദാക്കിയത്.

Courtesy: Deepika

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »