News - 2024

ബംഗ്ലാദേശിൽ സഭയ്ക്കു പൗരോഹിത്യ വസന്തം ഒരുങ്ങുന്നു: 21 ഡീക്കന്മാർ പട്ടം സ്വീകരിച്ചു

പ്രവാചക ശബ്ദം 16-06-2020 - Tuesday

ധാക്ക: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ ഈ വർഷം 21 ഡീക്കൻമാർ പട്ടം സ്വീകരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ഇത്രയും സെമിനാരി വിദ്യാർത്ഥികൾ ഒരുമിച്ച് ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. പുറംരാജ്യങ്ങളിൽ പഠിക്കുന്ന മൂന്നു വിദ്യാർത്ഥികളുടെ പട്ടം സ്വീകരണവും ഉടനെ തന്നെയുണ്ടാവും. മൂന്നുലക്ഷത്തിതൊണ്ണൂറായിരം കത്തോലിക്കാ വിശ്വാസികൾ മാത്രമുള്ള ബംഗ്ലാദേശിനെ സംബന്ധിച്ച് ദൈവവിളികളുടെ വളർച്ചയാണ് പൊതുവിൽ കാണാൻ സാധിക്കുന്നത്. രാജ്യ തലസ്ഥാനമായ ധാക്കയിലെ ബനാനിയിലുള്ള ഹോളി സ്പിരിറ്റ് മേജർ സെമിനാരിയാണ് രാജ്യത്തെ ഏക സെമിനാരി. അവിടെ 125 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

യുവജനങ്ങൾ വൈദിക വിളിയ്ക്കു പ്രത്യുത്തരം നല്‍കുന്നത് സഭയ്ക്കു വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണെന്ന് ബാരിസാൾ രൂപതയിലെ വൈദികനായ ഫാ. അനോൾ ടെറൻസ് ഡി കോസ്റ്റ പറഞ്ഞു. രാജ്യത്തിന് നിരവധി ദൈവവിളികൾ ലഭിക്കുന്നുവെന്നും തങ്ങൾ അതില്‍ സന്തോഷവാൻമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രൂപതയിൽ നിന്ന് സെമിനാരിയില്‍ എത്തിയ രണ്ട് വിദ്യാർത്ഥികളും കഴിഞ്ഞ നാളുകളില്‍ ഡീക്കൻ പട്ടം സ്വീകരിച്ചിരിന്നു.

കുടുംബത്തിൽ, നിന്നും അധ്യാപകരിൽ നിന്നും, വൈദികരിൽ നിന്നും, സന്യസ്തരിൽ നിന്നും ലഭിക്കുന്ന പരിശീലനം മൂലമാണ് ദൈവവിളികൾ വർദ്ധിക്കുന്നതെന്ന് ഫാ. ടെറൻസ് ഡി കോസ്റ്റ അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും പ്രചോദനം സ്വീകരിച്ചാണ് താൻ വൈദികനാകാൻ തീരുമാനിച്ചതെന്ന് ധാക്ക അതിരൂപതയിലെ അംഗമായ ഡീക്കൻ ലെനാർഡ് റൊസാരിയോ പറഞ്ഞു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യം സഫലീകരിക്കാൻ സാധിച്ചുവെന്നും റൊസാരിയോ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിൽ നിന്നുള്ള നിരവധി വൈദികരും, സന്യസ്തരും ഇപ്പോൾ പുറം രാജ്യങ്ങളിലേക്കും ശുശ്രൂഷകൾക്കായി പോകുന്നുണ്ട്. നാളുകൾക്ക് മുമ്പ് വിദേശ മിഷ്ണറിമാർ സേവനം ചെയ്തിരുന്ന ബംഗ്ലാദേശ് ഇന്ന് സ്വന്തം രാജ്യത്തു നിന്നു തന്നെ മിഷ്ണറിമാരെ ഉയർത്തി കൊണ്ടു വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 30 വർഷം മുമ്പ് ഇവിടെ എത്തിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ്, സേവ്യറൻ ബ്രദേഴ്സ്, ഹോളിക്രോസ് സഭ തുടങ്ങിയവയിലെ ഏതാനും അംഗങ്ങൾ മാത്രമേ രാജ്യത്ത് ഇപ്പോൾ വിദേശ മിഷ്ണറിമാരായി അവശേഷിക്കുന്നുള്ളൂ. വൈദികരുടെ എണ്ണത്തിൽ ബംഗ്ലാദേശിൽ വളർച്ച ഉണ്ടെങ്കിലും സന്യസ്തരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »