News - 2024

കത്തോലിക്ക സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിച്ച് സ്പാനിഷ് രാജാവ്

പ്രവാചക ശബ്ദം 16-06-2020 - Tuesday

മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ കത്തോലിക്ക സഭ ചെയ്യുന്ന അവര്‍ണ്ണനീയമായ ശുശ്രൂഷകൾക്ക് നന്ദി അറിയിച്ച് സ്പാനിഷ് രാജാവ് ഫെലിപ് ആറാമൻ. കഴിഞ്ഞ ദിവസം ദേശീയ കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ജൂവാൻ ജോസ് ഒമെല്ലയെ ഫോണിൽ വിളിച്ചാണ് സഭയുടെ പ്രവർത്തനങ്ങൾക്ക് രാജാവ് നന്ദി രേഖപ്പെടുത്തിയത്. കൊറോണ മൂലം മരിച്ച വൈദികരെ സ്മരിച്ച രാജാവ്, സ്പാനിഷ് സഭ സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സന്നദ്ധ സഹായങ്ങള്‍ക്ക് നന്ദിയും അറിയിച്ചു. ഏതാണ്ട് 100 വൈദികരാണ് കൊറോണ മൂലം രാജ്യത്തു മരണമടഞ്ഞിരിക്കുന്നത്.

സ്പാനിഷ് കത്തോലിക്കാ സഭ നടത്തുന്ന ആതുരശുശ്രൂഷകൾ 12 ലക്ഷം പേർക്കും സാമൂഹ്യ സേവന ശുശ്രൂഷകൾ 28 ലക്ഷം പേർക്കും സഹായകരമായെന്ന വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാജാവ് അഭിനന്ദനവും നന്ദിയും അറിയിച്ച് രംഗത്തെത്തിയത്. ദരിദ്രർ, വയോധികര്‍, അംഗ വൈകല്യമുള്ളവര്‍, രോഗികൾ, തൊഴില്‍രഹിതര്‍, ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീകൾ, ലഹരിക്ക് അടിമകളായവർ, അഭയാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംരക്ഷണത്തിനും പുനര്‍ജീവിതത്തിനായി സഭയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊറോണ പ്രതിസന്ധിക്കിടയില്‍ കത്തോലിക്ക സഭ തുടരുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മാഡ്രിഡിലേയും സമീപ നഗരങ്ങളിലേയും മേയര്‍മാരും രംഗത്തെത്തിയിരിന്നു. മഹാമാരിക്കിടയിലും നിശബ്ദവും വീരോചിതവുമായ സേവനം കാഴ്ചവെയ്ക്കുന്ന ഓരോ വൈദികർക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് ചില മേയര്‍മാര്‍ വൈദികര്‍ക്ക് പ്രത്യേകം കത്തും അയച്ചിരിന്നു. അതേസമയം 2,44,000-ല്‍ അധികം പേര്‍ക്കാണ് രാജ്യത്തു കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 27,316 മരണമടഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »