India - 2025
ഉത്തരവ് പിന്‍വലിക്കണമെന്നു കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍
17-06-2020 - Wednesday
കൊച്ചി: കുട്ടികള്‍ അനാഥമന്ദിരങ്ങളിലേക്കു തിരിച്ചുവരണമെങ്കില്‍ അതതു ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ (സിഡബ്ല്യുസി) വീണ്ടും അപേക്ഷിക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നു കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അനാഥാലയങ്ങളിലുള്ള 20,000 കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. ചട്ടങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെയും കമ്മീഷന്‍ സമീപിച്ചിട്ടുണ്ട്.
ജെജെ ആക്ട്പ്രകാരം സ്ഥിരം അഭയകേന്ദ്രമായി ഒരു അനാഥമന്ദിരം നിശ്ചയിക്കപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും വീണ്ടും ദീര്‍ഘവും കഠിനവുമായ നടപടിക്രമങ്ങളിലൂടെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാവില്ല. ലഹരിക്കടിമകളായും ജീവിക്കാന്‍ മാര്‍ഗമില്ലാതെയും വിവാഹബന്ധം വേര്‍പെട്ടുമൊക്കെ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും അനാഥാലയങ്ങളിലുള്ളത്. ഇത്തരം മക്കള്‍ക്ക് മികച്ച പഠനസൗകര്യവും സമാധാനപരമായ ജീവിതവും സുരക്ഷിതത്വവും പോഷകാഹാരവും മറ്റും സാധ്യമാകുന്നതില്‍ അനാഥാലയങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ജെപിഡി കമ്മീഷന്റെ കെയര്‍ ഹോംസ് ആന്‍ഡ് സ്പെഷല്‍ സ്കൂള്‍സ് ഡയറക്ടര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി എന്നിവര്‍ ചൂണ്ടിക്കാട്ടി.
![](/images/close.png)