India - 2025

ഡൽഹി അശോക് വിഹാർ കത്തോലിക്ക പള്ളിയിൽ വീണ്ടും കവർച്ച

പ്രവാചക ശബ്ദം 18-06-2020 - Thursday

ന്യൂഡൽഹിയിലെ ഗുലാബി ബാഗിൽ സ്ഥിതി ചെയ്യുന്ന അശോക് വിഹാറിലെ സെന്റ് ജൂഡ് തദേവൂസ് പള്ളിയിൽ രണ്ട് മാസത്തിനുള്ളിൽ തുടർച്ചയായി രണ്ടാം തവണയും കവർച്ച. 2020 ഏപ്രിൽ 18 രാത്രിയിലാണ് ആദ്യത്തെ സംഭവം നടന്നത്. പള്ളിയിലെ വെന്റിലേറ്ററിലെ എക്സോസ്റ്റർ ഫാൻ തകർത്ത് മോഷ്ടാക്കൾ പള്ളിയിൽ പ്രവേശിച്ചതിന് ശേഷം വിലയേറിയ വസ്തുക്കളെല്ലാം മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരിന്നു. വിലകൂടിയ 12 മൈക്രോഫോണുകൾ, ചെറിയ ആംപ്ലിഫയർ, സ്പീക്കറുള്ള പോർട്ടബിൾ ആംപ്ലിഫയർ, സിസിടിവി മോണിറ്റർ, വാക്വം ക്ലീനർ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു.പള്ളിയുടെ ഓഫീസും കുത്തിത്തുറന്ന് സിസിടിവി മോണിറ്റർ മോഷ്ടിക്കുകയും സാധനങ്ങൾ വലിച്ചു വാരി ഇടുകയും ചെയ്തു. പള്ളിയിലെ നേര്‍ച്ചപെട്ടിയും കുത്തി തുറന്നു.

ദില്ലിയിലെ പോലീസ് സ്റ്റേഷൻ സരായ് രോഹില്ലയിൽ എഫ്ഐആർ നമ്പർ 144/2020, 380/457 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എസ്എച്ച്ഒയുടെ ഉറപ്പ് നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയോ കവർച്ച വസ്തുക്കൾ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. രണ്ടാമത്തെ കവർച്ച നടന്നത് ജൂൺ 14 രാത്രിയിലാണ്. ഇത്തവണ മോഷ്ടാക്കൾ പള്ളിയുടെ ജനൽ തകർത്ത് പള്ളിയിൽ പ്രവേശിച്ച് വലിയ ആംപ്ലിഫയർ, മിക്സർ യൂണിറ്റ്, മൈക്രോഫോണുകൾ, മോണിറ്ററുകൾ, എസിയുടെ കോപ്പർ പൈപ്പ്, സ്വർണ്ണക്കുരിശ്, വെള്ളിക്കുരിശ്, സ്റ്റീൽ ബക്കറ്റുകൾ, വാട്ടർ ഡിസ്പെൻസർ, സിസിടിവിയുടെ ഹാർഡ് ഡിസ്ക്, വിശുദ്ധ കുര്‍ബാനയ്ക്കായി ഉപയോഗിക്കുന്ന കാസ, പീലാസ, സിബോറിയം, കാപ്പ എന്നിവയുൾപ്പെടെയുള്ളവ മോഷ്ടിച്ച ശേഷം മോഷ്ടാക്കൾ കടന്നു കളഞ്ഞു. ഇക്കാര്യം പോലീസിൽ അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് സരായ് റോഹില്ല പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.


Related Articles »