News - 2024

വ്യാജ മതനിന്ദാ കേസിൽ നീതി ലഭിക്കാതെ ക്രൈസ്തവ വിശ്വാസി: പാക്ക് കോടതി അപ്പീൽ മാറ്റിവെച്ചത് 70 തവണ

പ്രവാചക ശബ്ദം 19-06-2020 - Friday

ലാഹോർ: വ്യാജ മതനിന്ദാ കേസിൽ ജയിലിലടക്കപ്പെട്ട ക്രൈസ്തവ വിശ്വാസിക്ക് ലാഹോർ ഹൈക്കോടതിയിൽ നിന്ന് കടുത്ത വിവേചനമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. 2009 മുതൽ മതനിന്ദാ കുറ്റത്തിന്റെ പേരിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ഇമ്രാൻ മാസിഹിന്റെ അപ്പീൽ 70 തവണയാണ് കോടതി നിരസിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഖാലിൽ താഹിർ സന്ധു എയി ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുമായി നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. കേസ് ഇതിനോടകം 10 ജഡ്ജിമാരുടെ കൈകളിലൂടെ കേസ് കടന്നുപോയെങ്കിലും നീതി ലഭിക്കാതെ ഇമ്രാൻ മാസിഹിന്റെ തടവറ വാസം തുടരുകയാണ്.

ഫൈസലാബാദിലുള്ള സ്റ്റേഷനറി കട വൃത്തിയാക്കുന്നതിനിടയിൽ ഖുർആൻ വചനങ്ങൾ എഴുതപ്പെട്ടിരുന്ന പുസ്തകങ്ങൾ കത്തിച്ചു എന്നാണ് ദൃക്സാക്ഷികൾ എന്ന് അവകാശപ്പെട്ട ചിലർ ഇമ്രാൻ മാസിഹിനെതിരെ ആരോപിച്ച കുറ്റം. ഇമ്രാൻ മാസിഹ് പുസ്തകങ്ങൾ കത്തിച്ചുവെന്ന് സാക്ഷികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, അവർ പറഞ്ഞ സമയത്തിലും, തീയതിയിലും വൈരുദ്ധ്യങ്ങൾ ഏറെയുണ്ടായിരുന്നു. അറബി ഭാഷയിൽ എഴുതിയ ഖുർആൻ വചനങ്ങളാണ് പുസ്തകങ്ങളിൽ കണ്ടതെന്ന് സാക്ഷികൾ പറഞ്ഞെങ്കിലും, അവർക്ക് അറബി ഭാഷ അറിയാമോ, ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്.

ഇതെല്ലാം ഇമ്രാൻ മാസിഹിനെതിരെ ആരോപിക്കപ്പെട്ട വാദങ്ങളെ ദുർബലമാക്കി. ആരോപിക്കപ്പെട്ട കുറ്റം വ്യാജമാണെങ്കിലും, കേസിലുൾപ്പെട്ടിരിക്കുന്നയാൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളാണെങ്കിൽ, പ്രസ്തുത വ്യക്തിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്ന തീവ്ര ഇസ്ലാമിക വിഭാഗങ്ങളെ പേടിച്ചാണ് ജഡ്ജിമാർ അപ്പീലിന്മേൽ വാദം കേൾക്കാൻ മടിക്കുന്നതെന്ന് ഖാലിൽ താഹിർ സന്ധു പറഞ്ഞു. ജഡ്ജിമാർക്ക് സ്വന്തം ജീവനെ പറ്റിയും ആശങ്ക കാണുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇമ്രാനു നീതി കിട്ടാൻ തനിക്ക് സാധിക്കുന്ന രീതിയിൽ പരിശ്രമം നടത്തിയിട്ടുണ്ടെന്നും ഇനി അത് തുടരുമെന്നും സന്ധു കൂട്ടിച്ചേർത്തു.

കുറ്റാരോപിതനായ ആളെ ആദ്യം അറസ്റ്റ് ചെയ്തതിനു ശേഷം പിന്നീട് തെളിവുകൾ അന്വേഷിക്കുന്ന തരത്തിലുള്ള നീതിന്യായ വ്യവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് വകുപ്പിലെ അഴിമതിയും നീതി ലഭിക്കാൻ വലിയ പ്രതിബന്ധമാണ്. പലപ്പോഴും വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഭൂരിപക്ഷ സമൂഹമായ ഇസ്ലാമിലെ തീവ്ര വിഭാഗം ന്യൂനപക്ഷങ്ങളെ മതനിന്ദാ കേസിൽ കുടുക്കുന്നത്. 2009-ൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദാ കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട ആസിയ ബീബിയുടെ കേസിന് ആസ്പദമായ സംഭവം നടന്നതിന് ഒരു മാസത്തിനുളളിലാണ് ഇമ്രാൻ മാസിഹും ചെയ്യാത്ത കുറ്റത്തിന് പോലീസ് കസ്റ്റഡിയിലാവുന്നത്. ഇമ്രാൻ മാസിഹിന്റെ അടുത്ത അപ്പീൽ ജൂലൈ ആറാം തീയതിയാണ് കോടതി പരിഗണിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »