India - 2024

മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം: ഷെവലിയാര്‍ വി.സി സെബാസ്റ്റ്യന്‍

പ്രവാചക ശബ്ദം 20-06-2020 - Saturday

കൊച്ചി: മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന അതിക്രൂരമായ കാട്ടുനിയമങ്ങള്‍ ജനാധിപത്യരാജ്യത്തിന് അപമാനമാണെന്നും പൊളിച്ചെഴുതണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്താല്‍ മനുഷ്യന്‍ സ്വന്തം കൃഷിഭൂമിയില്‍ മരിച്ചുവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ആന ചരിഞ്ഞതിനെ അപലപിക്കുന്നവര്‍ കാട്ടാനയുടെയും കടുവയുടെയും കാട്ടുപന്നിയുടെയും അക്രമത്തില്‍ ജീവന്‍ വെടിഞ്ഞ മനുഷ്യനെക്കുറിച്ച് പ്രതികരിക്കാതെ ഒളിച്ചോടുന്ന ക്രൂരത വേദനിപ്പിക്കുന്നതാണ്. മനുഷ്യസംരക്ഷണത്തിന് നിയമമില്ലാത്ത രാജ്യമായി ഇന്ത്യ അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയമസഭയിലും പാര്‍ലമെന്റിലുമാണ്. ജനപ്രതിനിധികളാണ് നിയമനിര്‍മ്മാണസഭയില്‍ ഈ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നത്. ജനപ്രതിനിധികള്‍ നിര്‍മ്മിച്ച നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍. അതിനാല്‍തന്നെ ജനങ്ങളെ കൊലയ്ക്കുകൊടുക്കുന്ന കരിനിയമങ്ങള്‍ പൊളിച്ചെഴുതുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം. വന്യമൃഗങ്ങളുടെ അക്രമത്താല്‍ ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ജനപ്രതിനിധികളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. വന്യമൃഗങ്ങളുടെ അക്രമങ്ങള്‍ക്കെതിരെ വനവന്യജീവി നിയമഭേദഗതികളിലൂടെ അടിയന്തരനടപടികള്‍ ഉറപ്പുവരുത്തുന്നില്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ച് ജനപ്രതിനിധികളെയും സര്‍ക്കാരിനെയും കുറ്റവിചാരണ നടത്തുവാന്‍ കര്‍ഷകരുള്‍പ്പെടെ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് വി.സി സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »