Arts
'തിരുവോസ്തിയായി എന്നിൽ അണയും': മലയാളികളെ വീണ്ടും ഞെട്ടിച്ച് യുക്രൈനിൽ നിന്നുള്ള സന്യാസിനികള്‍
പ്രവാചക ശബ്ദം 20-06-2020 - Saturday
മലയാള ക്രൈസ്തവ ഭക്തിഗാനം പാടി ലക്ഷകണക്കിന് കേരളീയരുടെ മനം കവര്‍ന്ന യുക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക് (എസ്‌ജെഎസ്‌എം) കോണ്‍ഗ്രിഗേഷന്‍ വീണ്ടും അത്ഭുതം തീര്‍ക്കുന്നു. 'നാവിൽ ഈശോ തൻ നാമം' എന്ന ഗാനം പാടി മലയാളി ഹൃദയങ്ങളിൽ ചേക്കേറിയ അവർ ഇത്തവണ എത്തിയിരിക്കുന്നത് മറ്റൊരു ദിവ്യകാരുണ്യ ഗീതവുമായിട്ടാണ്. യുക്രൈനിൽ കോർപ്പസ് ക്രിസ്റ്റി ആഘോഷിക്കുന്ന ദിവസം 'തിരുവോസ്തിയായി എന്നിൽ അണയും' എന്ന മലയാള ഗാനവുമായാണ് (കവർ വേർഷൻ) ഇവര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സിസ്റ്റർമാരുടെ മ്യൂസിക് മിനിസ്ട്രിയ്ക്കു പൂര്‍ണ്ണ പിന്തുണയും സഹായവുമായി രംഗത്തുള്ള വിയന്നയിൽ സംഗീത വിദ്യാർത്ഥിയായ മലയാളി വൈദികന്‍ ഫാ. ജാക്സണ്‍ സേവ്യറുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്.
ദിവ്യകാരുണ്യ ആരാധന കാരിസം ആയിട്ടുള്ള കോൺഗ്രിഗേഷന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു മലയാള ഗാനമാണിതെന്ന് പറയുന്നു. മലയാളിയായ സുപ്പീരിയർ സിസ്റ്റർ ലിജി പയ്യപ്പള്ളിയുടെ സ്വാധീനമാണ് മലയാളം ഗാനങ്ങൾ പഠിക്കുവാൻ ഇവർക്ക് പ്രേരണയാകുന്നത്. ഗാനത്തോടൊപ്പം അതിമനോഹരമായ വീഡിയോ ചിത്രീകരണവും നടത്തിയിട്ടുണ്ട്. സിസ്റ്റേഴ്സ് താമസിക്കുന്ന ഗ്രാമത്തിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്തു കൊണ്ടുള്ള ചിത്രീകരണമാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിസ്റ്റർ മരീന ഗാനം ആലപിച്ചപ്പോള്‍ കീബോർഡും വയലിനും കൈകാര്യം ചെയ്തത് സിസ്റ്റർ നതൽകയായിരിന്നു. സിസ്റ്റർ ലോറയും ക്രിസ്റ്റീനയും ഗിത്താറുംസിസ്റ്റർ എറിക്ക ഡ്രംസും വായിച്ചു. ഗാനത്തിൻറെ ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വ്വഹിച്ചതും സിസ്റ്റേഴ്സ് തന്നെയാണെന്നത് ഏറെ ശ്രദ്ധേയമാണ്.
നേരത്തെ തങ്ങളുടെ കാരിസത്തിന്റെ ഭാഗമായിട്ടാണ് ഇവർ മ്യൂസിക് മിനിസ്ട്രി ആരംഭിച്ചത്. ഇടവക തോറുമുള്ള വചനപ്രഘോഷണവും ഇവർ നടത്തുന്നുണ്ട്. വചനപ്രഘോഷണത്തേ ശക്തിപ്പെടുത്താൻ സംഗീത ശുശ്രൂഷ ആരംഭിക്കുകയായിരിന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനേകരുടെ ഹൃദയം കവര്‍ന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പല ഇടങ്ങളിലും സംഗീത ശുശ്രൂഷയുടെ ഭാഗമായി ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോൾ ഹിബ്രു, ഇറ്റാലിയൻ, പോളിഷ്, ഫ്രഞ്ച്, മലയാളം, യുക്രേനിയന്‍, റഷ്യൻ, ഭാഷകളിൽ ഈ സന്യസ്ഥര്‍ സംഗീത ശുശ്രുഷ ചെയ്യുന്നുണ്ട്. പത്തൊന്‍പത് അംഗങ്ങളുള്ള യുക്രൈന്‍ കമ്മ്യൂണിറ്റിയിൽ സിസ്റ്റർ ജയന്തി മൽപ്പാന്‍ എന്ന മറ്റൊരു മലയാളി സന്യാസിനിയുമുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 21 കമ്യൂണിറ്റികള്‍ ഉള്ള സന്യാസ സമൂഹം കൂടിയാണ് സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)