News

പാക്കിസ്ഥാനിലെ ക്രൈസ്തവ പീഡനങ്ങൾക്കെതിരെ യു‌എന്‍ ഓഫീസിനു മുന്നിൽ നിശബ്ദ പ്രതിഷേധം

പ്രവാചക ശബ്ദം 22-06-2020 - Monday

ലാഹോര്‍: പാക്കിസ്ഥാനിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെയും മതനിന്ദാ നിയമത്തിനെതിരെയും ജനീവയിൽ ഉള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു മുന്നിൽ നിശബ്ദ പ്രതിഷേധം. മതപീഡനങ്ങളുടെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒടിഞ്ഞ കസേരയുമായാണ് പ്രതിഷേധക്കാർ എത്തിയത്. ക്രൈസ്തവരും, ഹൈന്ദവരും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാനിൽ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടി സർക്കാർ നിയമം പാസാക്കുക, ഭൂരിപക്ഷ മതക്കാർ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ക്രൈസ്തവ പെൺകുട്ടികളുടെ കാര്യത്തിൽ ഇടപെടുക, വ്യാജ മതനിന്ദാ കേസിൽ അകപ്പെട്ടവരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭയും, ചില അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രാജ്യത്ത് നടക്കുന്ന പീഡനങ്ങളിൽ മൗനം പാലിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

രണ്ടാം നിര പൗരന്മാരായിട്ടാണ് ന്യൂനപക്ഷങ്ങളെ പാക്കിസ്ഥാൻ കാണുന്നത്. ഉന്നത സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിൽ നിന്ന് ന്യൂനപക്ഷങ്ങളെ ഭരണഘടന പോലും വിലക്കുന്നതായി പാക്കിസ്ഥാനില്‍ നിന്നു റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. കഴിഞ്ഞ വര്‍ഷം ഓപ്പൺ ഡോർസ് പുറത്തുവിട്ട ലോകത്തിൽ ഏറ്റവുമധികം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന പട്ടികയില്‍ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്.


Related Articles »