Life In Christ - 2025
മേലാളനാകാതെ തൊഴിലാളിയായി ബിഷപ്പ് നയിച്ചു: ശങ്കരയ്യയുടെ ഭവനം യാഥാര്‍ത്ഥ്യമായി
പ്രവാചക ശബ്ദം 24-06-2020 - Wednesday
അദിലാബാദ്: തീപിടുത്തത്തില്‍ നശിച്ച നിര്‍ധന കുടുംബത്തിന്റെ ഭവനം പുനര്‍ നിര്‍മ്മിക്കുവാന്‍ നേരിട്ടു ഇറങ്ങിയ സീറോ മലബാര്‍ മിഷന്‍ രൂപതയായ അദിലാബാദിന്റെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെ കുറിച്ചുള്ള വാര്‍ത്ത വലിയ ചര്‍ച്ചയായിരിന്നു. ബിഷപ്പിന്റെയും വൈദികരുടെയും യുവജനങ്ങളുടെയും നേതൃത്വത്തിലുള്ള സംഘം രാവും പകലും അദ്ധ്വാനിച്ചപ്പോള്‍ ഭവന നിര്‍മ്മാണം യാഥാര്‍ത്ഥ്യമായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു വെഞ്ചിരിപ്പുകർമം.
അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് മെയ് മാസത്തിലാണ് ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിച്ചത്. ഭവനം പൂർണ്ണമായി കത്തി നശിച്ചതോടെ ബിഷപ്പും വൈദികരും, മംചേരിയിലെ ഇടവകയിലെ യുവജനങ്ങളും ചേർന്ന് പുതിയ ഭവന നിർമ്മാണത്തിന് തുടക്കം കുറിക്കുകയായിരിന്നു.
നാല് നിർമാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള 30 അംഗ സംഘമാണ് നിര്‍മ്മാണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. മേലാളനെ പോലെ നിര്‍ദ്ദേശങ്ങള്‍ നല്‍കി മാറി നില്‍ക്കാതെ ബിഷപ്പ് തൊഴിലാളിയായപ്പോള്‍ കൂടെയുള്ളവര്‍ക്കും ഭവന നിര്‍മ്മാണം ശരവേഗത്തില്‍ തീര്‍ക്കാന്‍ പ്രചോദനം ലഭിക്കുകയായിരിന്നു. പുതിയ വീട് യാഥാർത്ഥ്യമാക്കിതന്നെ ദൈവത്തിനും ബിഷപ്പ് ഉൾപ്പെടെയുള്ള സംഘത്തിനു കൂപ്പുകരങ്ങളോടെ ഇപ്പോള്‍ നന്ദി പറയുകയാണ് ശങ്കരയ്യ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക