News - 2025

ബ്രിട്ടനിലെ ദേവാലയങ്ങള്‍ ജൂലൈ നാലിന് തുറക്കും

പ്രവാചക ശബ്ദം 24-06-2020 - Wednesday

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ ദേവാലയങ്ങള്‍ ജൂലൈ നാലു മുതല്‍ വിവാഹാവശ്യങ്ങള്‍ക്കുള്‍പ്പെടെ വീണ്ടും തുറന്ന് തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിവാഹ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മുപ്പതായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച് ജന പ്രതിനിധി സഭയില്‍ നടത്തിയ പ്രസ്താവനക്കിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

“ആരാധനാലയങ്ങള്‍ അടച്ചതില്‍ പലര്‍ക്കും സങ്കടമുണ്ടായതായി അറിയാം. ഇക്കൊല്ലത്തെ പെസഹ, ഈസ്റ്റര്‍, ഈദ് തുടങ്ങിയ ആഘോഷങ്ങളെല്ലാം ലോക്ക്ഡൌണിലായിരുന്നു. അതിനാല്‍, 30 പേരില്‍ കൂടാത്ത വിവാഹാവശ്യങ്ങള്‍ക്കുള്‍പ്പെടെ പ്രാര്‍ത്ഥനക്കും, ഇതര ശുശ്രൂഷകള്‍ക്കുമായി ദേവാലയങ്ങള്‍ വീണ്ടും തുറക്കുവാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എല്ലാവരും സാമൂഹ്യ അകലം പാലിക്കണം”. ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. സാമൂഹിക അകലം രണ്ടു മീറ്ററില്‍ നിന്നും ഒരു മീറ്ററോ അതിലധികമോ ആയി ചുരുക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയുടെ തലവനും വെസ്റ്റ്മിന്‍സ്റ്റർ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് സ്വാഗതം ചെയ്തിട്ടുണ്ട്. യു.കെ ഇവാഞ്ചലിക്കല്‍ അലിയന്‍സിന്റെ വക്താവായ ഡാനി വെബ്സ്റ്റര്‍ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, ചില ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നതായി അദ്ദേഹം പറഞ്ഞു. ദേവാലയത്തിലെ ഗായക സംഘങ്ങള്‍, ഓര്‍ക്കസ്ട്ര, തിയറ്റേഴ്സ് തുടങ്ങിയവ അധികം താമസിയാതെ തന്നെ ആരംഭിക്കാമെന്നും ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. മാർച്ച് 20 വെള്ളിയാഴ്ച മുതലാണ് ബ്രിട്ടനിലെ ദേവാലയങ്ങളിൽ പൊതു ജന പങ്കാളിത്തതോടെയുള്ള വിശുദ്ധ കുര്‍ബാന ഒഴിവാക്കിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »