Life In Christ - 2025

“എനിക്ക് നിശബ്ദനായിരിക്കാന്‍ കഴിയില്ല”: തിരുസ്വരൂപങ്ങള്‍ തകര്‍ക്കുന്നതിനെതിരെ മാഡിസണ്‍ ബിഷപ്പ്

പ്രവാചക ശബ്ദം 25-06-2020 - Thursday

മാഡിസണ്‍: ‘ബ്ലാക്ക് ലിവ്സ് മാറ്റേഴ്സ്’ പ്രക്ഷോഭങ്ങളുടെ മറവില്‍ അമേരിക്കയില്‍ വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുന്നതിനെ അപലപിച്ചുകൊണ്ട് വിസ്കോണ്‍സിനിലെ മാഡിസണ്‍ രൂപത മെത്രാന്‍ രംഗത്ത്. യേശുവിന്റെയും, കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും രൂപങ്ങള്‍ തകര്‍ക്കുന്നതിനെതിരെ നിശബ്ദമായിരിക്കുവാന്‍ തനിക്ക് കഴിയില്ലെന്ന് ജൂണ്‍ 23ന് പുറത്തുവിട്ട പ്രസ്താവനയില്‍ ബിഷപ്പ് ഡൊണാള്‍ഡ് ഹയിങ്ങ് കുറിച്ചു. വെള്ളക്കാരുടെ പരമാധിപത്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന്‍ ആരോപിച്ച് യേശുവിന്റേയും, മാതാവിന്റേയും, വിശുദ്ധരുടേയും രൂപങ്ങള്‍ തകര്‍ക്കുവാന്‍ ബി.എല്‍.എം പ്രക്ഷോഭകന്‍ ഷോണ്‍ കിംഗ്‌ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്.

'ഇത്തരം രൂപങ്ങള്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചാല്‍ മതിയോ?' ബിഷപ്പ് ചോദ്യമുയര്‍ത്തി. രോഷത്തിന്റെ പേരില്‍ രാഷ്ട്രത്തിന്റെ ചരിത്ര സ്മരണകള്‍ പേറുന്ന സ്മാരകങ്ങളും പ്രതികളും തകര്‍ക്കുവാന്‍ അക്രമികളെ അനുവദിച്ചാല്‍, നമ്മുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുവാന്‍ എങ്ങനെ കഴിയുമെന്നും, ജോര്‍ജ്ജ് വാഷിംഗ്‌ടണിന്റെ പ്രതിമ തകര്‍ത്താല്‍, നമ്മുടെ രാഷ്ട്രത്തിനത് ഗുണകരമായിരിക്കുമോയെന്നും ബിഷപ്പ് ചോദ്യമുയര്‍ത്തി. ഗ്വാഡലൂപ്പ മാതാവിന്റേയും, ആഫ്രിക്കന്‍ കലകളിലെ കറുത്ത യേശുവിന്റേയും ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഓരോ രാജ്യവും, സംസ്കാരവും, വംശവും, വര്‍ഗ്ഗവും യേശുക്രിസ്തുവും, കന്യകാമാതാവും തങ്ങളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട്, തങ്ങളുടെ സംസ്കാരത്തിലും നിറത്തിലും അവരെ ചിത്രീകരിക്കുന്നുണ്ടെന്നു ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

കത്തോലിക്ക വിശ്വാസത്തിന്റെ നിറവ് യൂറോപ്യന്‍ സംസ്കാരത്തിലാണെന്നത് ചിലരുടെ തെറ്റിദ്ധാരണ മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. യേശുവിന്റെ പ്രതീകങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശുദ്ധമാണെന്നും ദൈവസ്നേഹത്തിന്റെ കാണപ്പെടുന്ന വെളിപ്പെടുത്തലും സാമീപ്യവുമാണെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മെത്രാന്റെ പ്രസ്താവന അവസാനിക്കുന്നത്. മാഡിസണില്‍, അടിമകച്ചവടക്കാര്‍ക്കെതിരെ പോരാടിയ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഹെഗ്ഗിന്റേയും, ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോയുടെ രൂപവും ഇക്കഴിഞ്ഞ ദിവസവും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 40